രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് നൽകാനുള്ള 2018 സെപ്റ്റംബറിലെ വിധിയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നൽകി.
പ്രതികളിലൊരാളായ എ.ജി. പെരരിവാലന് 30 ദിവസത്തെ പരോൾ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഷ്‌ട്രപതി കോവിന്ദിന് കത്തെഴുതിയത്. എ.ജി. പെരരിവാലൻ, നളിനി, ഭർത്താവ് മുരുകൻ, ടി. സുതേന്ദ്രരാജ, ജയകുമാർ, റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് കൊലപാതകക്കേസിലെ ഏഴ് പ്രതികൾ,30 വർഷത്തിലധികമായി ഇവർ ജയിലിൽ കഴിയുകയാണ്.
തമിഴ്‌നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കുറ്റവാളികളുടെ ശിക്ഷയിൽ ഇളവ് നൽകി അവരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായും നളിനിയുടെയും മറ്റ് മൂന്ന് കുറ്റവാളികളുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചതും, രാഷ്‌ട്രപതി കോവിന്ദിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ എടുത്തുപറഞ്ഞു.
ഏഴ് പ്രതികളുടെയും ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് 2018 സെപ്റ്റംബർ 9 ന് ഗവർണർ ബൻവാരിലാൽ പുരോഹിതിന് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
സി.ബി.ഐ. യുടെ മൾട്ടി-ഡിസിപ്ലിനറി മോണിറ്ററിങ് ഏജൻസിയുടെ അന്വേഷണത്തിലുള്ള കാലതാമസമാണ് ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള തടസ്സം. ശിക്ഷാ ഇളവും അന്വേഷണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസർക്കാരും സി.ബി.ഐ. യും സുപ്രീം കോടതിക്ക് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
അതിനുശേഷം, ശിക്ഷാവിധി ഒഴിവാക്കുന്നതിനുള്ള തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ രാഷ്ടപതി കോവിന്ദിന്റെ ഓഫീസിലേക്ക് അയച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.
മുപ്പത് വർഷത്തെ തടവിൽ ധാരാളം കഷ്ടതകളും വേദനകളും അവർ അനുഭവിച്ചു കഴിഞ്ഞെന്നും, അത് തന്നെ അവർക്കു കിട്ടിയ ഏറ്റവും വലിയ ശിക്ഷയാണെന്നും സ്റ്റാലിൻ പറഞ്ഞു.
1991 മെയ് 21 ന് കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ശ്രീപെരുംബഡൂറിൽ വെച്ചാണ് ധനു എന്ന വനിതാ ചാവേർ രാജീവ് ഗാന്ധിയെ വധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here