അടിമുടി മാറ്റത്തിനൊരുങ്ങി പോലീസ് സേന; ബെഹ്‌റ ഉപദേഷ്ടാവാകാം

പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ പോലീസ് സേന കാത്തിരിക്കുന്നത് അടിമുടി മാറ്റം. ആഭ്യന്തര മന്ത്രിയായുള്ള രണ്ടാം ഊഴത്തിൽ പിണറായി വിജയൻറെ ആദ്യ ദൗത്യം ലോക്‌നാഥ് ബെഹ്‌റക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നതാണ്. ലോക്‌നാഥ് ബെഹ്‌റ അടുത്തമാസം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്തുന്നത്. പോലീസ് ഉപദേഷ്ടാവ് വേണമോ എന്നതിലും ആലോചന തുടരുകയാണ്.
ഒരു മാസത്തിനുള്ളിൽ ബെഹ്‌റ സ്ഥാനം ഒഴിയുന്നതിനാൽ പുതിയ പോലീസ് മേധാവിയെ കണ്ടെത്തിക്കൊണ്ട് വേണം രണ്ടാം വരവിൽ പിണറായിക്ക് തുടക്കം കുറിക്കാൻ. പോലീസ് തലപ്പത്തെത്താനുള്ള വാശിയേറിയ പോരാട്ടത്തിലാണ് വിജിലൻസ് ഡയറക്ടർ ആയ സുദേഷ് കുമാറും പിണറായിയുടെ വിശ്വസ്ഥനായ ടോമിൻ തച്ചങ്കരിയും. ആരെ ഒപ്പം നിർത്തുമെന്നുള്ളത് ആകാംഷാഭരിതമാണ്. മേധാവിയായി ആരു വന്നാലും പോലീസ് സേന വൻ അഴിച്ചു പണി നേരിടാൻ സാധ്യതയുണ്ട്. രണ്ടു മാസത്തിനുള്ളിൽ തന്നെ പോലീസിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വിരമിച്ചതിന് ശേഷം കേന്ദ്ര ഡപ്യൂട്ടേഷന്‍ ലഭിച്ചില്ലെങ്കിൽ ബെഹ്‌റ പോലീസ് ഉപദേഷ്ടാവാകാനും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here