Advertisement

കേന്ദ്രത്തിൻറെ കൊവിഡ് ആയുർവേദ മരുന്ന് വിതരണം സേവാ ഭാരതിക്ക്

May 22, 2021
1 minute Read

കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് – 64 ൻറെ വിതരണം ബി.ജെ.പി. സന്നദ്ധ സംഘടനയായ സേവാ ഭാരതിക്ക്. സംസ്ഥാന സർക്കാറിന്റെ ഡിസ്പെൻസറികളിലോ ഏജൻസികളിലോ മരുന്ന് എത്തിക്കുന്നതായിരിക്കില്ല. കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിലിൻറെ (സി.സി.ആർ.എസ്.) ഉത്തരവിലാണ് കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തത്.

ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലാണ് ആയുഷ്-64 എത്തിച്ചിരുന്നത്. കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും ആധാർ കാർഡുമായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് മെയ് 11 മുതൽ മരുന്നുകൾ നൽകി തുടങ്ങിയിരുന്നു.

കൂടുതൽ സ്റ്റോക്കുകൾ കിട്ടാത്തതിനെ തുടർന്ന് മെയ് 17 ന് മരുന്നുകൾ തീരുകയും ചെയ്തു. വ്യാഴാഴ്ച 40,000 പെട്ടി മരുന്ന് എത്തിച്ചിട്ടുണ്ട്. സേവാ ഭാരതി തന്നെയാണ് ഇത് വിതരണം ചെയ്യുക. സി.സി.ആർ.എസ്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ. ശ്രീകാന്ത് ഇറക്കിയ സർക്കുലറിൽ മരുന്നിന്റെ വിതരണ ചുമതല സേവാ ഭാരതിക്ക് നൽകിയതായി പരാമർശിച്ചിട്ടുണ്ട്.

കൊവിഡ് രോഗത്തിന്റെ തുടക്കത്തിലും രണ്ടാം ഘട്ടത്തിലും ഈ മരുന്ന് കഴിക്കുന്നത് ഫലപ്രദമാണെന്നാണ് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നത്.

മരുന്ന് വിതരണം ചെയ്യാനായി വളണ്ടിയർമാർക്ക് പ്രത്യേക പാസ് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ആയുഷ് – 64 മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യാനാവശ്യമുള്ള നടപടികൾ സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് ആയുഷ് മന്ത്രാലയ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

എന്നാൽ മരുന്ന് വിതരണം സേവാ ഭാരതിയെ ഏൽപ്പിച്ചതായി കത്തിൽ പരാമർശിച്ചിരുന്നില്ല. സംസഥാന സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലൂടെ അമൃതം പുനർജനി എന്നി പദ്ധതികൾ കൊവിഡ് ചികിത്സക്കായി നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം ആയുഷ് മന്ത്രാലയത്തിൻറെ കൊവിഡ് മരുന്ന് വിതരണം ചെയ്യാമെന്നിരിക്കെ വിതരണാവകാശം സേവാ ഭാരതിക്ക് നൽകിയത് ദുരൂഹമാണ്.

ഇത്തരത്തിൽ വിതരണം നടപ്പാക്കിയാൽ അത് അർഹിക്കുന്ന എല്ലാവരിലും എത്തുമോ എന്ന ആശങ്കയും ഇതിനകം ഉയർന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top