കൊവിഡ് മുക്തരുടെ മുഖത്തെ തടിപ്പും മാറാ തലവേദനയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങൾ: എയിംസ് മേധാവി

രാജ്യത്ത് പുതിയ പ്രതിസന്ധിയായി പടർന്ന് പിടിക്കുന്ന ബ്ലാക്ക് ഫംഗസ് കൊവിഡ് മുക്തരിൽ തിരിച്ചറിയാൻ അടയാളങ്ങൾ വിശദികരിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേധാവി ഡോ. രൺദീപ് ഗുലേറിയ.
കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷവും വിട്ടു മാറാതെ തലവേദനയും മുഖത്തെ നീർവീക്കവും തുടരുകയാണെങ്കിൽ അടിയന്തരമായി ഡോക്ടറെ കണ്ട് ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. വായിലെ നിറം മാറുക, മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംവേദനം കുറയുക, പല്ലിളകൽ തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്. നെഞ്ച് വേദന, ശ്വാസ തടസ്സം, കാഴ്‌ച മങ്ങൽ, ഇരട്ടിയായി കാണുക എന്നിവയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്.
ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു. പ്രമേഹ ജനസംഖ്യയിലുള്ള കൂടുതലും, ഉത്തേജക മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗവും വിൽപ്പനയും കാരണമാണത്.
അണുബാധയുണ്ടോ എന്നറിയാൻ സൈനസുകളുടെ എക്സ്-റേ അല്ലെങ്കിൽ സി.ടി. സ്കാൻ നടത്താവുന്നതാണ്. രക്ത പരിശോധന നടത്തിയും രോഗം നിർണയിക്കാൻ കഴിയും.
എല്ലാ പ്രായക്കാർക്കും കൊവിഡ് ബാധിതർ അല്ലാത്തവർക്ക് പോലും ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പ്രമേഹ രോഗികളായ 40 വയസ്സിനു മുകളിലുള്ളവർ കൂടുതൽ സാധ്യതയുള്ളവരാണ്. കുട്ടികൾക്ക് അപകടസാധ്യത കുറവാണ്, കാരണം ഭൂരിഭാഗം കുട്ടികളിലും നേരിയ കൊവിഡ് അണുബാധ മാത്രമേ ഉള്ളൂ.
രാജ്യത്ത് മെയ് 22 വരെ 8848 പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here