Advertisement

ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ; ഇന്ന് ബ്ലാക്ക് ഫംഗസിനെ പൊരുതി തോൽപ്പിച്ചു

May 24, 2021
1 minute Read
man defeated black fungus

കൊവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന കാലമാണിത്. ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ ഫംഗസിനെ പൊരുതി തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രകാശ്, ബ്ലാക്ക് ഫംഗസ് ആകുലതകളുടെ കാലത്ത് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകമായി മാറുകയാണ്.

2015 തദ്ദേശ തെരഞ്ഞെടുപ്പിൽ റാന്നി പഴവങ്ങാടി പഞ്ചായത്തിൽ സ്ഥാനാർത്ഥിയായിരുന്നു പ്രകാശ് കണ്ണംതാനം. ആ നവംബറിൽ വലത് ചെവിയിൽ കുടുങ്ങിയ പ്രാണി ഒരു മുറിവുണ്ടാക്കി. മ്യൂക്കോർ മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് അങ്ങനെയാണ് പ്രകാശിന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയത്. പതിയെ കണ്ണ് മങ്ങി. ചുണ്ട് വലതു വശത്തേക്ക് വീണു.രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ബോധമറ്റു. വലത് കണ്ണും ചെവിയും കഴുത്തിലെ അസ്ഥിയും ഫംഗസ് നശിപ്പിച്ചു. കഷ്ടിച്ച് 6 ദിവസം കൂടി മാത്രം എന്ന് കണക്കുകൂട്ടിയിടത്ത് പ്രകാശിന്റെ കുടുംബം എന്തുവന്നാലും ചികിത്സിക്കണമെന്ന് ഉറപ്പിച്ചു പറഞ്ഞു. ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടർ വിനീത് വിശ്വത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായി, സാഹസികമായി ഫംഗസ് പടർന്ന കോശങ്ങൾ നീക്കി.

‘മനസിന് ധൈര്യം കൊടുത്ത് മുന്നോട്ട് പോയി. എന്റേതായ ചില സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. വായിച്ചു. മനസിന് എനിക്ക് നല്ല ധൈര്യമുണ്ട്. അഞ്ച് ശതമാനമേ രക്ഷപ്പെടൂ എന്ന് ഡോക്ടർമാർ പറഞ്ഞു. കഷ്ടിച്ച് ഒരു വർഷമേ ജീവിക്കു എന്നും പറഞ്ഞു. അവിടുന്ന് എന്റെ ധൈര്യവും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനവുമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്’-പ്രകാശ് പറയുന്നു.

കഴുത്തിലെ അസ്ഥി നീക്കിയതോടെ ഹാലോ സ്പ്ളിന്റ് എന്ന ലോഹചട്ടക്കൂട് ഉപയോഗിച്ചു. പിന്നെ കൂടുതൽ സൗകര്യപ്രദമായ മിനർവ ബ്രേസ് എന്ന കഴുത്തിനെ താങ്ങി നിർത്തുന്ന ഉപകരണം പ്രകാശ് തന്നെ കണ്ടെത്തി. കഴിഞ്ഞ 6 വർഷത്തിനിടെ ഒരു ഘട്ടത്തിൽ വല്ലാതെ മെലിഞ്ഞു. മുഖമാകെ മാറി. ഒറ്റക്കണ്ണിന്റെ വെളിച്ചത്തിൽ പുസ്തകങ്ങളെ കൂട്ടുപിടിച്ച് പ്രകാശ് അപ്പോഴും പൊരുതി.

അന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. പ്രതിസന്ധികളെയെല്ലാം വെല്ലുവിളിച്ച് പ്രകാശ് ഇന്നും പൊതുപ്രവർത്തനത്തിൽ സജീവമാണ്. സ്വന്തം നിലയിൽ കിറ്റും ചെറിയ സഹായങ്ങളും നൽകുന്നു. ഈ കെട്ട കാലത്ത് ഭീതിയുടെ നിഴൽ പരത്തുന്ന കറുത്ത ഫംഗസിന് മുന്നിൽ അതിജീവനത്തിന്റെ പ്രകാശമാവുകയാണ് ഈ മനുഷ്യൻ.

Story Highlights: man defeated black fungus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top