ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളിൽ ദ്വീപ് നിവാസികൾ സന്തുഷ്ടരല്ല; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്

ലക്ഷദ്വീപിൽ അടുത്തിടെയായി ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളിൽ ദ്വീപ് നിവാസികൾ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിന തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം :
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് യാത്രപോകുന്നതാണ് ഈ കൊച്ചുദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ. നീല നിറമുള്ള ജലാശയവും, പൊയ്കകളും എന്നെ അതിശയിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം സച്ചിയുടെ അനാർക്കലിയുടെ ഭാഗമായി ഞാൻ വീണ്ടും ഈ ദ്വീപിലെത്തി. കവരാത്തിയിൽ രണ്ട് മാസമാണ് ഞാൻ താമസിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനങ്ങളായിരുന്നു അത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുൻപ് ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഞാൻ വീണ്ടും ലക്ഷ്ദ്വീപിലേക്ക് പോയി. സ്നേഹനിധികളായ ദ്വീപ് നിവാസികളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകില്ലായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപിൽ നടക്കുന്ന സംഭവങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിരവധി പേർ എനിക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം. പുതിയ ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളെ കുറിച്ച് ഞാൻ പരാമർശിക്കുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. ദ്വീപ് നിവാസികളാരും തന്നെ ഇതിൽ സന്തുഷ്ടരല്ല. ഒരു നാടിനും, അവിടുത്തെ ജനതയ്ക്കും വേണ്ടിയായിരിക്കണം നിയമസംവിധാനം. രാഷ്ട്രീയമോ, അതിർത്തികളോ, ഭൂപ്രകൃതിയോ ഒന്നുമല്ല, മറിച്ച് അവിടുത്തെ ജനതയാണ് ഒരു രാജ്യത്തെ, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശത്തെ ആ പ്രദേശമാക്കുന്നത്. എങ്ങനെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപൂർണമായ അന്തരീക്ഷത്തെ പുരോഗതിക്കെന്ന പേരിൽ പ്രക്ഷുഭ്തമാക്കുന്നത് ? ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിന തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
അതുകൊണ്ട് ഭരണകൂടത്തോട് എനിക്കൊരു അപേക്ഷയേ ഉള്ളു. ജനങ്ങളുടെ ശബ്ദം കേൾക്കുക. അവരുടെ മണ്ണിന് എന്താണ് നല്ലതെന്ന അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് അത്…അതിനേക്കാൾ സുന്ദരമാണ് അവിടുത്തെ ജനത
Story Highlights: prithviraj fb post on lakshadweep issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here