ഇന്ത്യയെ ക്രൈസ്തവ രാജ്യമാക്കാൻ ശ്രമം; ഐ.എം.എ.ക്കെതിരെ ആരോപണവുമായി രാംദേവിന്റെ അനുയായി

യോഗാചാര്യൻ രാംദേവിൻറെ “അലോപ്പതി ലക്ഷക്കണക്കിന് ആളുകളെ കൊന്നു” എന്ന അഭിപ്രായത്തെച്ചൊല്ലി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാംദേവും തമ്മിൽ തുടരുന്ന രൂക്ഷമായ തർക്കത്തിനിടയിലാണ് ഐ.എം.എ.ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ എത്തിയത്.
‘ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല – ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.
ഐ.എം.എ പ്രസിഡണ്ട് ഡോക്ടർ ജയലാൽ മെഡിക്കൽ വിദ്യാർഥികളെ ക്രിസ്ത്യാനികളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വാദിക്കാനായി ഇദ്ദേഹം ഒരു സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ, ബാബാ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ രാംദേവിന്‍റെ പരാമർശത്തിൽ ഉത്തരാഖണ്ഡ് ഐ.എം.എ.യുടേതാണ് നടപടി. അലോപ്പതി ആളെക്കൊല്ലുന്ന ചികിത്സയാണെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here