മിൽഖ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഭാര്യക്ക് കൊവിഡ് ന്യൂമോണിയ

ഇതിഹാസ സ്പ്രിൻ്റർ മിൽഖ സിംഗിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, മിൽഖ സിംഗിൻ്റെ ഭാര്യയും ഇന്ത്യയുടെ മുൻ വോളിബോൾ ക്യാപ്റ്റനുമായ നിർമൽ കൗറിനെ കൊവിഡ് ന്യൂമോണിയ ബാധിച്ചതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82കാരിയായ നിർമലിനെ മിൽഖയെ പ്രവേശിപ്പിച്ച മൊഹാലി ഫോർടിസ് ആശുപത്രിയിൽ തന്നെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്
തിങ്കളാഴ്ചയാണ് മിൽഖ സിംഗിനെ മൊഹാലി ഫോർടിസ് ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് 91കാരനായ മിൽഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിൽ ആയിരുന്നു. എന്നാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും നേരിയ തോതിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ജീവ് അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.08 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2.95,955 പേർക്ക് രോഗമുക്തി നേടാനായി.
കർണാടകയാണ് നിലവിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനം. നാല് ലക്ഷത്തിൽപരമാണ് കർണാടകയിലെ രോഗികൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ രോഗബാധ കൂടുതലാണ്.
Story Highlights: Milkha Singh Out Of ICU, Wife Admitted With Covid Pneumonia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here