കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. പിന്നീട് 18 വയസ്സു വരെ മാസം തോറും 2000 രൂപ വീതം നൽകും. കൂടാതെ, കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇന്ന് 24,166 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,76,584 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
Story Highlights: Special package for children whose parents have died due to covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here