ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ കൊവിഡ് വാക്സിൻ സ്വീകരിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യ നിലവിൽ മുംബൈയിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ഈ ക്യാമ്പിൽ വച്ചാണ് താരങ്ങൾ വാക്സിൻ സ്വീകരിച്ചത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം പുരുഷ താരങ്ങളും വാക്സിൻ സ്വീകരിച്ചിരുന്നു.
ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘സൂചിയോട് പേടിയുണ്ടെങ്കിലും ഇന്ന് ഞാൻ വാക്സിൻ സ്വീകരിച്ചു. എല്ലാവരും വാക്സിൻ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നായിരുന്നു ദീപ്തിയുടെ പോസ്റ്റ്. ആദ്യ ഡോസ് വാക്സിനാണ് താരങ്ങൾ സ്വീകരിച്ചത്. ഇംഗ്ലണ്ടിൽ വച്ച് താരങ്ങൾ രണ്ടാം വാക്സിൻ സ്വീകരിക്കുമെന്ന് സൂചനയുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച് പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കും. ഒരു ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.
സെപ്തംബൽ-ഒക്ടോബർ മാസങ്ങളിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ പിങ്ക് ടെസ്റ്റ് കളിക്കും. ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റ് നടന്നാൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം ഡേനൈറ്റ് ടെസ്റ്റാവും ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും.
Story Highlights: Indian Women’s Team Gets First Dose Of COVID Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here