നൂറ്റാണ്ടുകളായുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തന്മാർ ആരാണ്? ലക്ഷദ്വീപ് കളക്ടർക്കെതിരെ വിമർശനവുമായി തോമസ് ഐസക്

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുമ്പോൾ ദ്വീപ് കളക്ടർക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്ടറുടെ ദാർഷ്ട്യം വിലപോവില്ലെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പ്രതിഷേധിക്കുന്നവരൊക്കെ സാമൂഹ്യവിരുദ്ധരാണെന്ന കളക്ടറുടെ നയം വിലപോവില്ലെന്ന് പഠിപ്പിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
‘ദ്വീപുകളുടെ സമഗ്രവികസന പരിപാടിയാണുപോലും നടപ്പാക്കാൻ പോകുന്നത്. അപരിഷ്‌കൃതത്വത്തിൽ നിന്നും ആധുനികയുഗത്തിലേയ്ക്കു ദ്വീപ് നിവാസികളെ കൊണ്ടുവരാൻ പോവുകയാണ് എന്നാണ് നാട്യം. ലക്ഷദ്വീപ് മക്കാവോയും ബാലിയും എല്ലാം പോലെ ആഗോള ടൂറിസം ചൂതാട്ട കേന്ദ്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള പ്രദേശമായി ലക്ഷദ്വീപ് മാറിയേക്കാം. എന്നാൽ അതുകൊണ്ട് ദ്വീപ് നിവാസികളുടെ ജനജീവിതം ഇന്നത്തെക്കാൾ മെച്ചപ്പെടുമെന്ന് എന്താണുറപ്പ്.
കടപ്പുറത്തെ അനധികൃത മത്സ്യബന്ധന നിർമ്മാണെന്ന് കളക്ടർ വിശേഷിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളെയാണ്. നൂറ്റാണ്ടുകളായി അവർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? ദ്വീപുനിവാസികൾ പച്ചക്കറി കഴിക്കണമെന്ന വാദത്തെയും അദ്ദേഹം വിമർശിച്ചു.
ഇപ്പോൾ കളക്ടർ പറയുന്നത് ഇറച്ചിക്ക് പകരം കൂടുതൽ മീൻ തീറ്റിക്കാനാണ് ഈ നയം എന്നാണ്. എന്തു തിന്നണമെന്ന് അവർ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതം’.
ദ്വീപിൽ ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്താണെന്നും തോമസ് ഐസക് ചോദിച്ചു. പട്ടികവർഗ്ഗക്കാർ മാത്രം താമസിക്കുന്ന പ്രദേശമെന്ന നിലയിൽ അവരുടെ അറിവും സമ്മതത്തോടുംകൂടിയല്ലാതെ ഒരു പദ്ധതിയും അവിടെ നടപ്പാക്കാൻ പാടില്ല. അതിന് അവിടെ ജില്ലാ കൗൺസിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംപിയുണ്ട്. ജില്ലാ കൗൺസിലിന്റെ അധികാരങ്ങൾ കവരുന്നു. എംപിയെ നോക്കുകുത്തിയാക്കുന്നു. ഇതിനെതിരെ കേരളവും തമിഴ്‌നാടും മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കേണ്ടതാണ്. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: lakshadweep, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here