ബിഹാറിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; മുട്ടോളം വെള്ളത്തിൽ രോഗികൾ; ആശുപത്രി വാർഡിലൂടെ ബൈക്കോടിച്ച് ജീവനക്കാർ

രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട ആരോഗ്യരംഗമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടുത്തെ ആശുപത്രികളെ നരകസമാനമാക്കുന്നു. യാസ് ചുഴലിക്കാറ്റ് ശക്തമായി അടിച്ച ബിഹാറിൽ, ഇപ്പോൾ ആശുപത്രികളുടെ അവസ്ഥ വളരെ ശോചനീയമാണ്. ആശുപത്രികൾ വെള്ളം കെട്ടിക്കിടക്കുകയും ചോർന്നൊലിക്കുകയുമാണ്. ഇതേ തുടർന്ന് നിരവധി രോഗികൾ യാതന അനുഭവിക്കുന്നു.
ആശുപത്രികളുടെ ദാരുണാവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകളാണ് ബിഹാറിൽ നിന്ന് പുറത്തുവരുന്നത്. ദർബാംഗ മെഡിക്കൽ കോളജിൽ വെള്ളം കയറിയ വാർഡിൽ കഴിയേണ്ടിവരുന്ന രോഗികളുടെ ദൃശ്യമാണ് ഇത്തരത്തിലൊന്ന്.
പട്നയിലെ ജയ് പ്രഭാ ആശുപത്രിയിൽ മരുന്നുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഥിതിഗതികളെക്കുറിച്ച് ബിഹാർ പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് പറഞ്ഞു:”കനത്ത മഴമൂലം പട്ന വെള്ളത്തിനടിയിലായി ഇത് സാധരണ ജീവിതത്തെ അപകടത്തിലാക്കുന്നു. ബിഹാറിലെ എല്ലാ നഗരങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.”
കിഴക്കൻ ഇന്ത്യ – പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് 26 ന് ഈ പ്രദേശത്തൂടെ കടന്ന് പോകുന്ന കൊടുങ്കാറ്റ് യാസ്, നിലവിലുള്ള കാലാവസ്ഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കാം. ഈ കാലാവസ്ഥയിൽ പല സംസ്ഥാനങ്ങൾക്കും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ‘റെഡ്’ അലേർട്ട് നൽകിയിരുന്നു.
പട്ന വിമാനത്താവളത്തിൽ വിമാനങ്ങൾ നിർത്തി വെച്ചു, ചില പ്രത്യേക ട്രെയിനുകൾ ഈസ്റ്റ് സെൻട്രൽ റെയിൽവേ റദ്ദാക്കി, ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ബീഹാറിലെയും ജാർഖണ്ഡിലെയും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് അവർ അറിയിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് തുടരുമെന്ന് മുന്നറിയിപ്പും നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here