‘കൊടകര കുഴൽപ്പണക്കേസുമായി ബന്ധമില്ല’; ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്

കൊടകര കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണസംഘത്തിന് മൊഴി നൽകി. ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. പണം കൊണ്ടുവന്ന ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങൾക്കാണെന്നും ഗിരീഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ആലപ്പുഴ ജില്ല ട്രഷറർ കെജി കർത്തയുടെയും തൃശൂരിലെ നേതാക്കളുടെയും മാെഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്തത്. പണവുമായി എത്തിയ ധർമ്മരാജനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ധർമ്മരാജനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ധർമ്മരാജനുമായി ബന്ധപ്പെട്ടത് സംഘടനാ പരമായ ആവശ്യങ്ങൾക്കാണെന്നുമാണ് ഗിരീഷ് മൊഴി നൽകിയത്. കവർച്ച നടന്ന ദിവസവും, മുമ്പും നിരവധി തവണ ഗിരീഷ് ധർമ്മരാജനെ ഫോണിൽ വിളിച്ചിരുന്നു.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇരുവരും കുഴൽപ്പണവുമായി ബിജെപിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ ഇവരുടെ മൊഴികൾ പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും.
Story Highlights: kodakara black money bjp update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here