സൈക്കിൾ കള്ളനെ കണ്ടെത്താൻ പൊലീസിനെ വിളിച്ച് ഏഴാംക്ലാസുകാരി

ആദ്യമായി പൊലീസിന് നൽകിയ പരാതിയിൽ നടപടി എടുത്തതിന്റെ സന്തോഷത്തിലാണ് ഏഴാംക്ലാസുകാരി കീർത്തന. എറണാകുളം സ്വദേശിയായ കീർത്തന ആശിച്ചും മോഹിച്ചും മേടിച്ച സൈക്കിൾ കള്ളൻ കൊണ്ടുപോയതോടെയാണ് പരാതിയുമായി നേരിട്ട് പൊലീസിനെ സമീപിച്ചത്.
എറണാകുളം മഹാരാജ് കോളജിന് സമീപമാണ് കീർത്തനയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ മാസം കുടുംബത്തോടെ കോട്ടയത്തുള്ള അമ്മ വീട്ടിൽ പോയ കീർത്തന ലോക്ക്ഡൗൺ ആയതോടെ അവിടെ കുറച്ചുനാൾ തങ്ങേണ്ടിവന്നു. രണ്ട് കൊല്ലമായി സമ്മാനമായി കിട്ടുന്ന കൊച്ചു കൊച്ചു തുകയെല്ലാം കൂട്ടിവച്ച് ഈയടുത്ത കാലത്ത് ഒരു സൈക്കിൾ വാങ്ങിയിരുന്നു. ഒരു ദിവസം കോട്ടയത്ത് നിന്ന് എറണാകുളത്തുള്ള വീട്ടുടമയെ വിളിച്ച് സൈക്കിൾ അവിടെ ഉണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിയത്. സൈക്കിൾ കളവ് പോയെന്നായിരുന്നു മറുപടി. ഇതോടെ കീർത്തന എറണാകുളം സെൻട്രൽ പൊലീസിൽ സഹായം തേടി. സെൻട്രൽ സിഐ നിസാറിനെ വിളിച്ച് സൈക്കിൾ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടു. കീർത്തനയുടെ കോൾ വന്ന് അരമണിക്കൂറിന് ശേഷം തന്നെ പൊലീസ് സൈക്കിൾ കണ്ടെത്തി. സ്റ്റേഷൻ പരിധിയിലുള്ള സ്ഥിരം കള്ളൻ തന്നെയായിരുന്നു സൈക്കിൾ മോഷ്ടിച്ചത്.
കുട്ടിപരാതിയെന്ന് തള്ളിക്കളയാതെ പൊലീസ് നടപടി എടുത്തതിന്റെ സന്തോഷത്തിലാണ് കീർത്തന. സൈക്കിൾ കണ്ടുപിടിച്ചതിന് സിഐ നിസാറിന് ഒരു സമ്മാനം കൂടി നൽകി ഈ മിടുക്കി.
കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നെഴുതി, കീർത്തന തന്നെ വരച്ച പൊലീസുകാരുടെ ചിത്രമായിരുന്നു അത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here