Advertisement

മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജം; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു

May 30, 2021
1 minute Read

മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഗൈനോക്കോളജിസ്റ്റിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റായ (ഗൈനോക്കളോജി) ടി. എസ്. സീമയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

പടിഞ്ഞാറെ കല്ലട വലിയപാടം സാബു ഭവനിൽ സാബു നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽനിന്ന് 2010-ൽ ടി.എസ്.സീമ എന്നൊരു വിദ്യാർഥി പി.ജി. കോഴ്സ് വിജയിച്ചിട്ടില്ലെന്നു വ്യക്തമായതായി ഉത്തരവിൽ പറയുന്നു.

ടി.എസ്.സീമ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പരിൽ മറ്റൊരു വിദ്യാർഥി വിജയിച്ചിരുന്നതായും യൂണിവേഴ്സിറ്റി നൽകിയ മറുപടിയിലുണ്ട്. ഇതേത്തുടർന്നാണ് ടി.എസ്.സീമയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ചേർത്തല സ്വദേശിയായ ടി.എസ്.സീമ ഏഴുവർഷമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റാണ്.

2019-ൽ സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 11-ന് ശ്രീദേവി പ്രസവിച്ചയുടൻ കുഞ്ഞു മരിച്ചു. ചികിത്സയിലെ പിഴവു കാരണമാണ് കുഞ്ഞു മരിച്ചതെന്നു കാണിച്ച് സാബു ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഡോക്ടർക്കെതിരേ വലിയ പ്രതിഷേധങ്ങളുമുണ്ടായി.

സാബുവിന്റെ പരാതിയെ തുടർന്ന് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഡോക്ടറുടെ യോഗ്യതയെക്കുറിച്ചറിയാൻ മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സാബു വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. യൂണിവേഴ്സിറ്റിയിൽനിന്നു മറുപടി ലഭിച്ചതോടെയാണ് ഡോക്ടർക്ക് മതിയായ യോഗ്യതയില്ലെന്നു വ്യക്തമായത്. ഇതേത്തുടർന്ന്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സാബു പരാതി നൽകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top