കൊവിഡ് ചികിത്സ;പാവപ്പെട്ടവർക്ക് 10 രൂപ;പട്ടാളക്കാർക്ക് സൗജന്യം;മാതൃകയായി ഹൈദരാബാദിലെ ഡോക്ടർ

രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. തങ്ങളാൽ കഴിയുന്ന രീതിയിൽ ഓരോ പൗരനും ഈ യുദ്ധത്തിൽ അണിചേരുന്നു. ഇവർക്കിടയിൽ അനുകരണീയവും മാതൃകാപരവുമായ രീതിയിൽ സേവനം നടത്തുന്ന ഒരു ഡോക്ടർ ഉണ്ട്.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മിതമായ നിരക്കിൽ വൈദ്യസഹായം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് ഹൈദരാബാദിലെ ഒരു ഡോക്ടർ. വെറും 10 രൂപയാണ് ഡോക്ടറുടെ ഫീസ്. സൈനികർക്കാവട്ടെ തികച്ചും സൗജന്യം.
2018 മുതൽ ഡോ. വിക്ടർ ഇമ്മാനുവൽ തന്റെ ക്ലിനിക്കിൽ തുച്ഛമായ രൂപയ്ക്ക് ദരിദ്രരെ ചികിത്സിക്കുന്നു. വിവിധ ലാബ് ടെസ്റ്റുകളുടെയും മരുന്നുകളുടെയും വില താങ്ങാൻ കഴിയാത്തവരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
‘ദരിദ്രരെ സേവിക്കുക, അവർക്ക് മിതമായ നിരക്കിൽ ചികിത്സ നൽകുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഞാൻ ഈ ക്ലിനിക്ക് ആരംഭിച്ചത്. അവരെ കൂടാതെ, കൃഷിക്കാർക്കും ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കും അനാഥകൾക്കും അംഗപരിമിതർക്കും പാട്ടാളക്കാരും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങൾ സൗജന്യ ചികിത്സ ഉറപ്പ് വരുത്തും.’
‘ചിലപ്പോൾ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കും. ഒരു ദിവസം ശരാശരി 140-150 രോഗികൾ വരെ ചികിത്സ തേടി എത്താറുണ്ട്.’ -ഡോ.വിക്ടർ ഇമ്മാനുവൽ പറയുന്നു.
കൊവിഡിന് പുറമെ പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, ഞരമ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മറ്റ് സാധാരണ രോഗങ്ങൾ എന്നിവയ്ക്കും ഇവിടെ ചികിത്സ ലഭിക്കും. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും രോഗികളിൽ നിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, ഡോ ഇമ്മാനുവൽ സൗജന്യ ചികിത്സയും ആവശ്യമായ മരുന്നുകളും രോഗികൾക്ക് നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here