വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം; സംസ്ഥാനതല ഉദ്ഘാടനം നാളെ

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽ പി എസ് ആൻഡ് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് സ്‌കൂളിൽ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.
ചടങ്ങുകൾ രാവിലെ 8. 30ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ – തൊഴിൽമന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനം കൈറ്റ് -വിക്ടേഴ്‌സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. തത്സമയം സംപ്രേഷണത്തിന് ശേഷം രാവിലെ 9 30 മുതൽ കൈറ്റ് -വിക്ടേഴ്‌സ് ചാനലിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ ഉണ്ടാകും.
മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കോട്ടൺഹിൽ സ്‌കൂളിലെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ എത്തി. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരിക്കും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും പരിമിതമായ ആൾക്കാരെ നേരിട്ട് പങ്കെടുപ്പിച്ചു കൊണ്ടും ആണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here