ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ലഭിക്കാതെ മേട്ടുപ്പതി ആദിവാസി കോളനിയിലെ കുട്ടികള്‍

ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമൂഹ്യ പഠന മുറികളും സ്മാര്‍ട്ട് ക്ലാസ് റൂം ഒക്കെ അന്യമായ ഒരുവിഭാഗം ഉണ്ട്. സ്മാര്‍ട്ട് ഫോണുകളും ടാബുകളും ഒന്നുമില്ലാത്ത പാലക്കാട് മലമ്പുഴ മേട്ടുപ്പതി കോളനിയിലെ ആദിവാസി കുട്ടികളുടെ അവസ്ഥ സംസ്ഥാനത്തെ ശരാശരി ആദിവാസി കോളനിയികളിലെ കാഴ്ചകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
‘ഞങ്ങളുടെ കൈയിലുള്ളത് പഴയ ഫോണാണുള്ളത്. പഠിത്താണ് മെയിന്. പഠിത്തമുണ്ടെങ്കിലേ രക്ഷപ്പെടാന്‍ പറ്റൂ ഞങ്ങടെ ഗതികേട് മക്കള്‍ക്കുണ്ടാകരുത്”- ഒരു രക്ഷിതാവ് പറയുന്നു. ലോക്ക് ഡൗണും ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ് മുറിയും മേട്ടുപ്പതിയിലെ കുട്ടികളുടെ സ്‌കൂള്‍ ജീവിതം മാറ്റിമറിച്ചു. ഒരു വര്‍ഷം എന്താണ് പഠിപ്പിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല. പാഠഭാഗത്തിലെ സംശയങ്ങള്‍ തീര്‍ത്തു തരാന്‍ ആരുമില്ല. കൂട്ടുകാരോടോ അധ്യാപകരോടോ ഫോണ്‍ വിളിച്ച് ചോദിക്കാനും വഴിയില്ല. വീണ്ടും ഇതേ രീതിയില്‍ ഇതില്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ കുരുന്നുകള്‍ക്ക് ആശങ്ക ഏറെ ഉണ്ട്.
പാഠഭാഗങ്ങള്‍ വിക്ടേഴ്‌സ് ചാനലില്‍ വരും എങ്കിലും, സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ വീട്ടുകാര്‍ക്ക് ആവില്ല. സ്മാര്‍ട്ട് ഫോണിനെയോ ടാബിനെയോ ആശ്രയിക്കണം എന്ന് വച്ചാല്‍ ലോക്ക് ഡൗണ്‍ വേളയില്‍ അരവയര്‍ അന്നത്തിനുള്ള വഴിക്കാണ് മുന്‍ഗണന എന്ന് മാതാപിതാക്കള്‍ പറയുന്നു. ഇത്തരം പ്രതിസന്ധികള്‍ മുന്നില്‍കണ്ട് തുടങ്ങിയ സാമൂഹ്യ പഠന മുറികള്‍ ആവട്ടെ പലയിടത്തും കടലാസില്‍ മാത്രം ഒതുങ്ങി. ചുരുക്കത്തില്‍ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സ്മാര്‍ട്ട് ക്ലാസ് മുറികളിലും ആവര്‍ത്തിക്കപ്പെടുന്നു.
Story Highlights: online class, adivasi, scheduled tribes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here