കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘കിളിക്കൊഞ്ചൽ സീസൺ ടു’ ഇന്ന് മുതൽ

സംസ്ഥാനത്ത് മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചൽ സീസൺ 2’ന് ഇന്ന് തുടക്കമാകും. വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തുവരുന്ന പരിപാടി എല്ലാ ദിവസവും രാവിലെ 10.30 മുതൽ 11 മണിവരെയാണ് സംപ്രേഷണം ചെയ്യുക. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ പ്രീ സ്‌കൂൾ പ്രവേശനോത്സവവും ഓൺലൈനായാണ് നടപ്പാക്കുന്നത്.
ഈ അധ്യയന വർഷം മുതൽ ആനിമേഷൻ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി നിരവധി മാറ്റങ്ങൾ വരുത്തിയാണ് കിളിക്കൊഞ്ചൽ സീസൺ 2 കുട്ടികളിലേക്കെത്തുന്നത്. കുട്ടികൾക്കിടയിൽ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകൾ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വർക്കർമാരും ഐസിഡിഎസ് സൂപ്പർവൈസർമാരുമാണ് പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കൊവിഡ് മൂലം പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനൽ വഴി പ്രീ സ്‌കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ പരിപാടി സംപ്രേഷണം ചെയ്തു വരുന്നത്.
കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ മൂലം കുഞ്ഞുങ്ങൾ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
Story Highlights: ‘kilikonchal’ program for kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here