അധിര്‍ രജ്ഞന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോകസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍

ലോകസഭയിലെ പാര്‍ട്ടിയുടെ സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് എതിരെ കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തം. അധിര്‍ രജ്ഞന്‍ ചൗധരിയെ പാര്‍ട്ടിയുടെ ലോകസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ഒന്നിലധികം മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടു. പകരം ഒരു പേര് നിര്‍ദേശിച്ച് കൊണ്ടല്ല നേതാക്കള്‍ സോണിയാ ഗാന്ധിയെ സമീപിച്ചതെങ്കിലും ശശി തരൂരിനെ പരീക്ഷിക്കണം എന്ന താത്പര്യമാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ളത്.
കൊവിഡ് വ്യാപനകാലത്ത് പ്രതിപക്ഷത്തിന്റെ സാന്നിധ്യം പോലും ഒരിടത്തും കണ്ടില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിന്റെ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്. ലോകസഭയിലെ സഭാ നേതാവ് എന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റുന്നതിലുള്ള അധിര്‍ രഞ്ജന്‍ ചൌധരിയുടെ കഴിവില്ലായ്മയാണ് ഇത്തരം ഒരു സാഹചര്യത്തിന്റെ പ്രധാനകാരണം എന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടതിന്റെ കാരണവും അധിര്‍ രഞ്ജന്റെ പിടിപ്പുകൊടാണെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ജി-23 ഉന്നയിച്ച അതേ ആവശ്യം ആണ് ഇപ്പോള്‍ മറ്റുള്ള മുതിര്‍ന്ന നേതാക്കളും ഉന്നയിക്കുന്നത്. തങ്ങള്‍ നിലപാട് ശക്തമായി അവതരിപ്പിച്ച സാഹചര്യത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ കാര്യത്തില്‍ സോണിയാ ഗാന്ധി അനുകൂല നടപടി എടുക്കും എന്നാണ് ആക്ഷേപം ഉന്നയിക്കുന്ന നേതാക്കളുടെ പ്രതീക്ഷ.
Story Highlights: adhir ranjan chawdhary, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here