അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നിർമ്മിച്ചുനൽകും: മുഖ്യമന്ത്രി

അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നിർമ്മിച്ചുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷം കൊണ്ട് 5 ലക്ഷം വീടുകൾ പൂർത്തിയാക്കും. വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനം തോൽപ്പിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യ പെൻഷനുകൾ 2500 രൂപയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും. തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
2019 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുകയും അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഈ വിജ്ഞാപനത്തിലെ ഇളവുകൾ സംസ്ഥാനത്ത് ലഭിക്കുകയുള്ളൂവെന്ന് കെ ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 1.5 lakh houses to be built in next year CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here