മലിനീകരണം കുറഞ്ഞു; ബെംഗളൂരുവിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തുന്ന പക്ഷികൾ

മലിനീകരണത്തിനും ഗതാഗത തിരക്കിനും പേരുകേട്ട നഗരമാണ് ബെംഗളൂരു. കൊറോണവൈറസ് വ്യാപനം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും അതേത്തുടർന്നുണ്ടായ ലോക്ക്ഡൗൺ പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൊറോണാ വൈറസ് സ്ഥിരീകരിച്ച് ഏതാണ്ട് ഒന്നര വർഷം പിന്നിടുമ്പോൾ ബെംഗളൂരുവിലെ വായുമലിനീകരണവും ഗതാഗത പ്രശ്നങ്ങളും കുത്തനെ താഴ്ന്ന നിലയിലാണ്. മലിനീകരണ നിയന്ത്രണ ബോർഡ് അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം നഗരത്തിലെ വായു മലിനീകരണത്തിൽ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് നഗരത്തിൽ അപൂർവമായി മാത്രം കണ്ടിരുന്ന പല പക്ഷികളും ഇന്ന് ഇവിടുത്തെ നിത്യസന്ദർശകരാണ്.
മയിലുകളും കുയിലുകളും സ്വിഫ്റ്റ് പക്ഷികളുമെല്ലാം കൂട്ടമായി ബംഗളൂരുവിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. വണ്ടികളിൽ നിന്നുള്ള ശബ്ദം അധികമായതിനാൽ മുൻപ് പകൽസമയങ്ങളിൽ കുയിലുകളുടെ ശബ്ദം ഉയർന്നു കേൾക്കാൻ സാധിച്ചിരുന്നില്ല. ഇതുമൂലം അവ പുലർച്ചെ രണ്ടു മണിക്കും മൂന്നുമണിക്കുമൊക്കെയാണ് കൂവിയിരുന്നതെന്ന് പക്ഷിനിരീക്ഷകനായ ഡോക്ടർ എം ബി കൃഷ്ണ പറയുന്നു. എന്നാൽ ഇപ്പോൾ അപ്പോൾ അവരുടെ സമയക്രമത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നേരം പുലരുന്നതിനോട് അടുപ്പിച്ചുള്ള സമയങ്ങളിലാണ് ഇപ്പോൾ അവയുടെ ശബ്ദം കേൾക്കുന്നത്.
നഗരത്തിന്റെ പലഭാഗങ്ങളിലും മയിലുകളെ കണ്ടതായി ധാരാളം റിപ്പോർട്ടുകൾ വരുന്നുണ്ട്. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ പരിസരങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. 13 കിലോമീറ്റർ അപ്പുറമുള്ള തുരാഹള്ളി വനത്തിൽ നിന്നുമാണ് അവ പറന്നെത്തുന്നത്. മനുഷ്യരുടെയും വാഹനങ്ങളുടെയും ശല്യമില്ലാത്തതുമൂലം അവ രാത്രികാലങ്ങളിൽ ബൊട്ടാണിക്കൽ ഗാർഡനിൽ തങ്ങുന്നുമുണ്ട്.
മുൻപ് നഗരത്തിലെ മലിനീകരണം ചെറുപ്രാണികൾ ചത്തു പോകുന്നതിനു കാരണമായിരുന്നു. പ്രാണികളെ ഭക്ഷണമാക്കി ജീവിക്കുന്ന പക്ഷികളും അതിനാൽ ബെംഗളൂരുവിൽ നിന്നും വിട്ടുനിന്നു. ഇപ്പോൾ ആ സ്ഥിതിക്കും മാറ്റം വന്നിട്ടുണ്ട്. അപൂർവമായി മാത്രം കാണാൻ സാധിച്ചിരുന്നു സ്വിഫ്റ്റ് അടക്കമുള്ള പക്ഷികൾ വീട്ടുമുറ്റങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ബുൾബുൾ പക്ഷകളും ധാരാളമായി നഗരത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here