ലോക്ക്ഡൗൺ: റെയിൽപാളങ്ങളിൽ മരിച്ചത് 8700 ആളുകൾ

രാജ്യത്തെ ലോക്ക്ഡൗണിനിടെ റെയിൽപാളങ്ങളിൽ മരിച്ചുവീണത് 8700ലധികം ആളുകൾ. ഇവരിൽ അധികവും കുടിയേറ്റ തൊഴിലാളികളാണ്. 2020 ജനുവരി-ഡിസംബർ മാസങ്ങൾക്കിടെയുണ്ടായ മരണങ്ങളാണ് ഇത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിൻ്റെ ചോദ്യത്തിന് റെയിൽവേ ബോർഡ് ആണ് വിവരം അറിയിച്ചത്.
‘പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2020 ജനുവരി മുതൽ ഡിസംബർ വരെ 805 ആളുകൾക്ക് പരുക്ക് പറ്റുകയും 8733 പേർ മരണപ്പെടുകയും ചെയ്തു.’- റെയിൽവേ ബോർഡ് മറുടിയിൽ വ്യക്തമാക്കി.
റോഡിനെക്കാൾ കുറഞ്ഞ ദൂരമായതുകൊണ്ട് തന്നെ കുടിയേറ്റ തൊഴിലാളികൾ വീടുകളിലേക്കുള്ള യാത്രക്കായി റെയിൽപാളങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് റെയിൽവേ ബോർഡ് അധികൃതരിൽ ഒരാൾ അറിയിച്ചു. റെയിൽപാളങ്ങൾക്ക് അരികിലൂടെയാണ് അവർ നടന്നത്. പൊലീസിൽ നിന്ന് രക്ഷ നേടാനും വഴി തെറ്റാതിരിക്കാനും അവർ റെയിൽപാളങ്ങൾ ഉപയോഗിച്ചു. ലോക്ക്ഡൗണിൽ ട്രെയിനുകളൊന്നും ഓടില്ലെന്നാണ് അവർ കരുതിയത്. അതുകൊണ്ട് തന്നെ മരണപ്പെട്ടവരിൽ അധികവും കുടിയേറ്റ തൊഴിലാളികളാണ് എന്നും അധികൃതർ വിശദീകരിച്ചു.
അതേസമയം, രാജ്യത്ത് പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രം പിൻവലിക്കും. വാക്സിൻ രണ്ട് ഡോസ് തന്നെ തുടരുമെന്നും, ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: Over 8,700 people died on tracks in 2020 lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here