‘ആകെ തകർന്നുപോയി’; അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചതിൽ പ്രതികരണവുമായി വേദ കൃഷ്ണമൂർത്തി

അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി വേദ കൃഷ്ണമൂർത്തി. മാനസികമായി താൻ ആകെ തകർന്നുപോയി എന്ന് വേദ പറഞ്ഞു. മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കുന്നുണ്ടെന്നും സാവധാനത്തിൽ വിഷമത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണെന്നും വേദ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വേദ ഇക്കാര്യം വ്യക്തമാക്കിയത്.
“വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സഹോദരി വീട്ടിലേക്ക് തിരികെവന്നുമെന്ന് ഞാൻ ശരിക്കും കരുതി. പക്ഷേ, വന്നില്ല. ഞാൻ ആകെ തകർന്നുപോയി. ഞങ്ങൾ എല്ലാവരും വളരെ വിഷമത്തിലായി. പക്ഷേ, മറ്റ് കുടുംബാംഗങ്ങൾക്കു വേണ്ടി ഞാൻ കൂടുതൽ ധൈര്യം കാണിക്കേണ്ടിയിരുന്നു.”- വേദ പറഞ്ഞു.
മാനസികാരോഗ്യം സുപ്രധാനമാണെന്നും വേദ പറഞ്ഞു. മരണപ്പെടുന്നതിനു മുൻപ് സഹോദരിക്ക് പാനിക്ക് അറ്റാക്കുകൾ ഉണ്ടായിരുന്നു. അമ്മയ്ക്കും പാനിക്ക് അറ്റാക്കുകൾ ഉണ്ടായിക്കാണും. കാരണം, മരണപ്പെടുന്നതിനു മുൻപത്തെ രാത്രിയിലാണ് കുടുംബത്തിലെ കുട്ടികളടക്കമുള്ളവർക്ക് കൊവിഡ് ബാധിച്ചതായി അമ്മ അറിഞ്ഞത്. അത് അമ്മയുടെ മരണത്തിനു കാരണമായിട്ടുണ്ടാവാമെന്നും വേദ പറഞ്ഞു.
രണ്ടാഴ്ചക്കിടെയാണ് വേദയുടെ അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി-20 മത്സരങ്ങളും കളിച്ച താരമാണ് വേദ. മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്ന താരം മികച്ച ഫീൽഡർ കൂടിയാണ്.
Story Highlights: Veda Krishnamurthy Talks After Losing Sister And Mother Due To Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here