Advertisement

ആരോപണം നിഷേധിച്ച് സുരേന്ദ്രൻ; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; നടക്കുന്നത് കുപ്രചരണങ്ങൾ

June 3, 2021
1 minute Read

കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇതുവരെയും അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും പൊലീസ് രണ്ടരമാസമായി എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇപ്പോൾ നടക്കുന്ന നീക്കം മുഴുവൻ ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണ്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാൻ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വർണക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’.

നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലായി ആയിരം കോടിയുടെ കുഴൽപണം പിടിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സിപിഐഎമ്മിന് നൽകിയത് 25 കോടി രൂപയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൊടകര കേസിൽ ബിജെപിക്ക് ബന്ധമില്ലാത്തത് കൊണ്ടാണ് അതിന് പിന്നിൽ ആരാണെന്ന് തെളിയണം എന്നാഗ്രഹിക്കുന്നത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അകാരണമായാണ്. മാധ്യമങ്ങൾ നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിനെ രാഷ്ട്രീയമായി നേരിടാണോ നിസഹകരിക്കാനോ ശ്രമിച്ചിട്ടില്ല. കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് കേരള പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നത്. സ്വർണക്കടത്ത് സമയത്ത് സിപിഎം എന്താണ് ചെയ്തത്? വെളുപ്പിന് നാല് മണിക്ക് തലയിൽ മുണ്ടിട്ടാണ് പലരും മാധ്യമങ്ങളെ പേടിച്ച് പോയത്. സിപിഐഎമ്മിനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിക്കെതിരെ കുപ്രചാരവേല നടത്തുകയാണ്. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് പകരം ശൂന്യതയിൽ നിന്ന് കഥയുണ്ടാക്കുകയാണ് പൊലീസ്. ബാക്കി തുക കണ്ടെത്താൻ പൊലീസിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

‘എ വിജയരാഘവനൊക്കെ ഹരിശ്ചന്ദ്രൻ ചമയുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ചെലവഴിച്ചത്. സിപിഐഎമ്മിന്റെ പിആർ വർക്കിന് വേണ്ടിമാത്രം 200 കോടിയിലധികം ചെലവഴിച്ചു. ഈ പണമൊക്കെ എവിടുന്നാണ് പാർട്ടിക്ക് കിട്ടിയത്. പല മാധ്യമസ്ഥാപനങ്ങൾക്കും സർക്കാർ പണം നൽകി. അതിനെല്ലാം തെളിവുകളുണ്ട്. ഇപ്പോൾ നടക്കുന്നതെല്ലാം ബിജെപിയെ തകർക്കാനുള്ള കള്ളപ്രചാരണമാണ്. ഇതിനെ ശക്തമായി നേരിടും’. സത്യസന്ധമായ അന്വേഷണമാണെങ്കിൽ ഏതറ്റം വരെയും സഹകരിക്കും. ഒന്നും മറച്ചുവക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കാത്തതും നെഞ്ചുവേദന അഭിനയിക്കാത്തത് എന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights: k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top