ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കൺകെട്ട്: വി മുരളീധരൻ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കൺകെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങൾ മാത്രമാണ്. കൊവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തിൽ നിന്നാണോ എന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 20000 കൊവിഡ് പാക്കേജ് തട്ടിപ്പായിരുന്നെന്ന് തെളിഞ്ഞതാണ്. തീരദേശ വികസനത്തിന് 2018-19 ബജറ്റിൽ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജും 2020-21 ലെ 1000 കോടിയും ഇപ്പോഴും കടലാസിലാണെന്നിരിക്കെയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ച് തീരദേശവാസികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് അനുസരിച്ച് 5000 കോടി ഖജനാവിൽ നീക്കിയിരിപ്പുണ്ട്. ഇതേകുറിച്ച് പുതിയ ബജറ്റിൽ പരാമർശം ഇല്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് വിശദീകരിക്കാൻ ധനമന്ത്രി തയ്യാറായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചിലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: v muraleedharan against kerala budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here