വായ്പ തട്ടിപ്പ് കേസ്: വിജയ് മല്യയുടെ വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി

വായ്പ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി. വായ്പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത സ്വത്തുക്കൾ വിൽകാനാണ് പ്രിവൻഷൻ ഓഫ് മണി ലോൻഡറിങ് ആക്ട് (പി.എം.എൽ.എ) കോടതി അനുമതി നൽകിയത്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിങ് ഡയറക്ടർ മല്ലികാർജുന റാവു വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാൻ സി.ബി.ഐ, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് അധികൃതരാണ് നീക്കം നടത്തിയത്.ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here