23
Jun 2021
Wednesday

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം, 10 വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റ്; ഇപ്പോൾ കെപിസിസി അധ്യക്ഷൻ; കെ.സുധാകരന്റെ രാഷ്ട്രീയ ജീവിതം

k sudhakaran new kpcc president

ഇന്നാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്‌സഭാംഗം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകൾ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി.

1948ൽ കണ്ണൂർ നടാലിൽ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനം കഴിഞ്ഞ് ജനതാ പാർട്ടിയിൽ ചേർന്നു. 1980ലും 82ലും ജനത പാർട്ടി ടിക്കറ്റിൽ എടക്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ചു തോറ്റു. 1984 ൽ ഇടതു പാളയം വിട്ടു കോൺഗ്രസിൽ തിരിച്ചെത്തി. കരുണാകരന്റെ വലംകൈ ആയിരുന്ന എൻ രാമകൃഷ്ണനിൽ നിന്നും കണ്ണൂർ ഡിസിസി പിടിച്ചെടുത്തതോടെ കണ്ണൂർ കോൺഗ്രസിൻറെ ശക്തിദുർഗ്ഗമായി. 2014ലെ ലോക്‌സഭ തിരെഞ്ഞെടുപ്പിൽ കണ്ണൂരിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലും തോറ്റ ചരിത്രവുമുണ്ട് കെ.സുധാകരന്.

സിപിഐഎമ്മിനെതിരെയുള്ള അക്രമരാഷ്ട്രീയ ആരോപണങ്ങളാണ് കെ സുധാകരൻറെ തുറുപ്പുചീട്ട്. അതേസമയം ഡിവൈഎഫ്‌ഐ പ്രവർത്തകൻ നാൽപ്പാടി വാസു വധം, സിപിഐഎം നേതാവ് ഇപി ജയരാജനെ ട്രെയിനിൽ വെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം, കണ്ണൂർ സേവറി ഹോട്ടൽ ബോംബാക്രമണം, അങ്ങനെ അങ്ങനെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള അക്രമസംഭവങ്ങളിൽ പലതിലും സിപിഐഎം പ്രതിസ്ഥാനത്ത് നിർത്തുന്നതും ഇതേ സുധാകരനെ തന്നെ.

കെ.സുധാകരന്റെ രാഷ്ട്രീയ ജീവിതം
……………………….

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം

തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം

പിന്നീട് നിയമബിരുദം

1969ൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു

1971ൽ കെ.എസ്.യു(ഒ) സംസ്ഥാന ജനറൽ സെക്രട്ടറി

1973ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്

1976ൽ യൂത്ത് കോൺഗ്രസ്(ഒ) സംസ്ഥാന പ്രസിഡന്റ്

1978ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ജനതാ പാർട്ടിയിൽ ചേർന്നു

1978 മുതൽ 81 വരെ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്

1981ൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി

1984ൽ കോൺഗ്രസിൽ തിരിച്ചെത്തി

1991 മുതൽ പത്ത് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റ്

1996ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ

2001, 2006 നിയമസഭാ തെരഞ്ഞടുപ്പുകളിൽ കണ്ണൂരിൽ വിജയമാവർത്തിച്ചു

2001ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ അംഗമായി

2009ൽ കണ്ണൂരിൽ നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

2014 ലോക്‌സഭാ, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയം

2018ൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്

2019ൽ കണ്ണൂരിൽ നിന്ന് വീണ്ടും ലോക്‌സഭാംഗം

2021- കെപിസിസി അധ്യക്ഷൻ

കെ സുധാകരൻ ബിജെപിയിലേക്കെന്ന് അന്തരീക്ഷത്തിൽ പലക്കുറി പരന്നപ്പോഴും തിരുത്താൻ തിടുക്കം കാട്ടിയില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന വാദവും ഏറെ വിവാദമായി. സിപിഐഎമ്മാണ് എന്നും കെ സുധാകരൻറെ മുഖ്യ എതിരാളി. പിണറായി വിജയൻ എന്ന അനിഷേധ്യനായ നേതാവിൻറെ കരുത്തിൽ അജയ്യമായി മുന്നേറുന്ന സിപിഐഎമ്മിനെ പിടിച്ചുകെട്ടുക; അതാണ് മുന്നിലുള്ള വെല്ലുവിളി. അടിത്തട്ടിലടക്കം തകർന്നടിഞ്ഞ കോൺഗ്രസിന് പുതുജീവൻ നൽകി ആ ലക്ഷ്യം നേടാൻ കെ. സുധാകരനാകുമോ.. രാഷ്ട്രീയകേരളത്തിൻറെ ഇനിയുള്ള കാത്തിരിപ്പ് ആ ഉത്തരത്തിന് കൂടിയാണ്.

Story Highlights: K SUDHAKARAN

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top