ഉറുമ്പുകളിൽ സോംബി ഫംഗസ് ബാധ

ബ്ലാക്, യെല്ലോ, വൈറ്റ് ഫംഗസുകൾ വാർത്തയിൽ നിറയുമ്പോൾ ഉറുമ്പുകളെ ബാധിക്കുന്ന സോംബി ഫംഗസും ചർച്ചയാകുന്നു. ഉറുമ്പുകളുടെ തലച്ചോറിൽ കയറിപ്പറ്റി മനസിന്റെ കടിഞ്ഞാൺ പിടിച്ചെടുത്ത് അവയെ മരണത്തിലേക്ക് തള്ളിവിടുകയാണ് ഈ ഫംഗസ്. സോംബി ഫംഗസിന്റെ വിചിത്ര പ്രവർത്തനങ്ങളെക്കുറിച്ചറിയാം.
പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈചിത്ര്യങ്ങളിലൊന്നാണ് സോംബി ഫംഗസ് എന്നറിയപ്പെടുന്ന കോർഡിസെപ്‌സ്. കോർഡിസെപ്‌സിന്റെ ബീജകോശം ഒരിടത്ത് ഒരു കോളനി സൃഷ്ടിക്കുന്നതോടെ ഉറുമ്പുകളുടെ കഷ്ടകാലം തുടങ്ങുകയായി.
ഇരയായ ഉറുമ്പിന്റെ ശരീരത്തിൽ ഫംഗസ് വളർന്ന് ന്യൂട്രിയന്റുകൾ വലിച്ചെടുത്ത് അതിന്റെ മനസിന്റെ നിയന്ത്രണം കൈക്കലാക്കുന്നു. ഇനി ഒരു റിമോട്ട് കൺട്രോളിനാലെന്നതുപോലെ ഉറുമ്പ് ഫംഗസിന്റെ നിയന്ത്രണത്തിലാകുകയാണ്. ഇതോടെ തന്റെ കൂടിന്റെ സുരക്ഷിത്വത്തിൽ നിന്ന് ഫംഗസ് തനിക്കാവശ്യമുള്ളയിടത്തേക്ക് ഉറുമ്പിനെ നയിക്കുന്നു. പിന്നീട് ഉറുമ്പ് മരത്തിലേക്ക് പാഞ്ഞുകയറുകയാണ്. തന്റെ നിലനിൽപിനാവശ്യമായ വെളിച്ചവും ഊഷ്മാവും ഈർപ്പവും ഉള്ളയിടത്തെത്തുംവരെ കോർഡിസെപ്‌സ് ഉറുമ്പിന്റെ തലച്ചോറിനെ നിയന്ത്രിക്കുന്നു. ഇരയുടെ താടിഭാഗം ഇലയിലോ ശാഖയിലോ കുരുക്കുന്നതോടെ അതിന്റെ ജീവൻ നഷ്ടമാകുന്നു.
ഫംഗസിന്റെ പരാക്രമം ഇവിടെ തീരുന്നില്ല. ജീവൻ നഷ്ടപ്പെട്ട ഇരയുടെ തലയിലൂടെ ഒരു നാരുപോലെ വളർന്ന് അതിൽ ബൾബ് ഷെയ്പ്പിലുള്ള ഭാഗമുണ്ടാക്കി പുതുബീജം നിറയ്ക്കുന്നു. മൂന്നാഴ്ചയാണ് ഇതിനായി എടുക്കുന്ന സമയം. ഇരയുടെ കോളനിയുടെ മുകളിലേക്ക് നേരെ പതിക്കത്തക്ക വിധത്തിലാവും ഇവയെന്നത് മറ്റൊരു കൗതുകം. ഇതിൽ നിന്ന് പൊഴിയുന്ന കോശങ്ങൾ നേരെ ഉറുമ്പിന്റെ ആവാസ വ്യവസ്ഥയിലേക്ക്. ഇരയുടെ സഹജീവികളും സമാന ആക്രമണത്തിനിരയായി മരണത്തെ പുൽകുകയും കോളനി മുഴുവൻ നശിക്കുംവരെ ഫംഗസിന്റെ പ്രവർത്തനം തുടരുകയും ചെയ്യുന്നു.
അറുന്നൂറിലേറെ കോർഡിസെപ്‌സ് ലോകത്തെ വിവിധ വനങ്ങളിലുണ്ടെന്നാണ് കണക്ക്. ഉറുമ്പുകൾക്ക് പുറമേ മറ്റ് പല ജീവികളെയും ഇവ ഒരു പാവകളിക്കാരനെപ്പോലെ നിയന്ത്രിക്കാറുണ്ട്…..
Story Highlights: zombie fungus in ants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here