‘ശവവാഹിനിയായ ഗംഗ’ കവിതയെ തള്ളി ഗുജറാത്ത് സാഹിത്യ അക്കാദമി; കവിത പ്രചരിപ്പിച്ചത് നക്സലുകളെന്ന് വിമർശനം

ഗുജറാത്തി കവയത്രി പാരുൾ ഖക്കറിന്റെ കവിതയെ വിമർശിച്ച് സാഹിത്യ അക്കാദമി. രാമരാജ്യത്തിലൂടെ ഒഴുകുന്നത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവവാഹിനിയായ ഗംഗയാണെന്ന പരാമർശമാണ് ഗുജറാത്ത് അക്കാദമിയെ ചൊടിപ്പിച്ചത്. ജൂൺ മാസത്തെ എഡിറ്റോറിയലിലാണ് കവിതയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്ത് അരാജകത്വമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ആയുധമാണ് പാരുൾ ഖക്കറിന്റെ കവിതയെന്നും എഡിറ്റോറിയലിൽ പറയുന്നു. കവിത വ്യാപകമായി പ്രചരിപ്പിച്ചതും ചർച്ച ചെയ്തതും സാഹിത്യ നക്സലുകളാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കവിതയിലെ ചില വാക്കുകൾ സർക്കാരിനെതിരെ ചിലർ ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.
ഗുജറാത്തിയിലെ ഹ്രസ്വവും എന്നാൽ ശക്തവുമായ ആക്ഷേപഹാസ്യം എന്നായിരുന്നു കവിതയെ പലരും വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമ രാജ്യത്തെ നഗ്‌ന രാജാവ് എന്ന് വിശേഷിപ്പിക്കുന്ന രീതിയിലും നിരവധി ചർച്ചകൾക്കും കവിത മാർഗമായി മാറി.
‘ശവവാഹിനിയായ ഗംഗ’ എന്ന കവിതയുടെ പേര് നേരിട്ട് പറയാതെയായിരുന്നു വിമർശനം. ഈയടുത്ത് ചർച്ച ചെയ്യപ്പെട്ട ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത കവിതയെന്നായിരുന്നു എഡിറ്റോറിയലിൽ പറഞ്ഞിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here