സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍; ആവശ്യം തള്ളിക്കളയണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍ സഹിതമുള്ള ക്ലബ്ബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി എം സുധീരൻ. മുഖ്യമന്ത്രി പിണറായി വിജയനും, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ക്കും അയച്ച കത്തിലാണ് ഈ കാര്യം ആവശ്യപ്പെടുന്നത്.
മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ തടയേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ആവശ്യം ഉന്നയിക്കുന്നത് സിവില്‍ സര്‍വീസിന് തന്നെ അപമാനകരമാണ്. ചീഫ് സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി നയിക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജോലിയുടെ പിരിമുറുക്കം കുറയ്ക്കാനുള്ള ‘മരുന്ന്’ മദ്യമാണെന്ന മട്ടിലുള്ള ഈ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടാല്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിവിധ വകുപ്പ് ആസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ആവശ്യം ഉയരാനുള്ള സാധ്യതയുണ്ട്. നേവി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ ഇനി മിലിറ്ററി ക്വോട്ട പോലെ തങ്ങള്‍ക്കു മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും സുധീരൻ പരിഹസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here