മദ്യ മാഫിയക്കെതിരെ വാർത്ത: ദിവസങ്ങൾക്കകം മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യ മാഫിയക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവ എന്നയാളാണ് ഞായറാഴ്ച ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മദ്യ മാഫിയ തന്നെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം ഇയാൾ ആവശ്യപ്പെട്ടിരുന്നു.
നിയമവിരുദ്ധമായ ഒരു ആയുധ നിർമ്മാണ യൂണിറ്റിനെപ്പറ്റി റിപ്പോർട്ട് ചെയ്തതിനു ശേഷം ലാൽഗഞ്ജ് പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്. ബൈക്ക് ഒരു ഇഷ്ടികച്ചൂളയ്ക്കരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. വാർത്തയറിഞ്ഞ് ഒപ്പം ജോലി ചെയ്യുന്നയാൾ എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇദ്ദേഹം മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരിക്കുകയാണ്.
ജില്ലയിലെ മദ്യ മാഫിയയെപ്പറ്റി ഇദ്ദേഹം കുറച്ച് ദിവസങ്ങൾക്കു മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 12ന് മാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം പ്രയാഗ് രാജ് അഡീഷണൽ ഡിജിപി പ്രേം പ്രകാശിനു കത്തയച്ചിരുന്നു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോയോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തി. സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും യുപിയിൽ ജംഗിൾ രാജാണ് നടക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
Story Highlights: Days after reporting on liquor mafia, journalist dead in road crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here