രാജസ്ഥാനിൽ കൊവിഡ് വാക്‌സിൻ ഇന്നുമുതൽ വീട്ടിലെത്തും

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നതിനിടയിൽ വാക്‌സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രാജസ്ഥാനിൽ ഇന്ന് തുടക്കം. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്‌സിനേഷൻ വീടുകളിൽ നൽകുന്നത്. ഹെൽപ് ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടെങ്കിലാണ് വാക്‌സിൻ വീട്ടിലെത്തുന്ന സേവനം ലഭ്യമാകുക. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ സേവനം. ഏഴ് ലക്ഷം ജനസംഖ്യയുള്ള ബിക്കനീർ നഗരത്തിൽ ഇതുവരെ 3.69 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗികൾ 75000ത്തിൽ താഴെയും മരണസംഖ്യ മൂവായിരത്തിന് മുകളിലുമാണ്. പ്രതിദിന കേസുകൾ കുറയുന്ന ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മാളുകളിൽ അടക്കം എല്ലാ കടകളും തുറന്നുപ്രവർത്തിക്കും. 50 ശതമാനം പേർക്ക് പ്രവേശിക്കാവുന്ന തരത്തിൽ ഭക്ഷണശാലകളും തുറക്കും. റഷ്യൻ നിർമിത സ്പുടിന് വാക്‌സിൻ നാളെ മുതൽ ഡൽഹിയിൽ ലഭ്യമായിത്തുടങ്ങും. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം 1,145 രൂപയാണ് സ്പുടിനികിന്റെ ആശുപത്രികളിലെ നിരക്ക്.
Story Highlights: ‘door to door’vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here