Advertisement

പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗം; ചികിത്സ ഉറപ്പാക്കാൻ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

June 15, 2021
Google News 1 minute Read

സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. പോസ്റ്റ് കൊവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ക്ഷയരോഗ നിർണയത്തിന് കാലതാമസം വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കൊവിഡ് മുക്തരായ രോഗികളുടെ ശരീരത്തിൽ ക്ഷയരോഗാണുക്കൾ സജീവമാകാനുള്ള സാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് മുക്തരായ പത്തോളം പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മൂലമുണ്ടാകുന്ന താൽക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. രോഗമുക്തരായവരിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെന്നുകണ്ടാൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

എല്ലാ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ വരുന്ന എല്ലാ രോഗികൾക്കും അവബോധം നൽകും. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി, രാത്രികാലങ്ങളിലെ വിയർപ്പ്, ഭാരം കുറയൽ, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകൾ നടത്തുകയും ചെയ്യും.
ശ്വാസകോശ ലക്ഷണങ്ങളുള്ള കൊവിഡ് മുക്തരായ രോഗികളെ ടെലി കൺസൾട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കിൽ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന രോഗികളെ എൻടിഇപി അംഗങ്ങൾ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. ആരോഗ്യമന്ത്രി അറിയിച്ചു.

Story Highlights: TB in post covid patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here