5 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിക്കുന്നു; ഇംഗ്ലണ്ടിനെതിരായ മത്സരം നാളെ

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് നാളെ തുടക്കം. ഐതിഹാസികമായ ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. 2014നു ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് എന്ന നിലയിൽ ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം നടക്കുക. ഒരു ടെസ്റ്റ് മത്സരം കൂടാതെ മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ നടന്ന ഏകദിന ടി-20 പരമ്പരകളിൽ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. പ്രോട്ടീസിനെതിരെ 4-1ന് ഏകദിന പരമ്പര അടിയറ വച്ച ഇന്ത്യ ടി-20 പരമ്പരയിൽ 2-1നാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ തീരെ പരിചിതമല്ലാത്ത ഫോർമാറ്റിൽ, ഇംഗ്ലീഷ് കണ്ടീഷനിൽ കളിക്കുന്ന ടെസ്റ്റ് മത്സരം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
അതേസമയം, 2019നു ശേഷം ഇംഗ്ലണ്ടും ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. എങ്കിലും ഇന്ത്യയെക്കാൾ ടെസ്റ്റ് മാച്ച് എക്സ്പീരിയൻസുള്ള ഇംഗ്ലണ്ടിന് സ്വന്തം ഗ്രൗണ്ടിൻ്റെ ആനുകൂല്യവും ഉണ്ട്.
അതേസമയം, ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.
Story Highlights: ind w vs eng w test tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here