മണിയാശാന്റെ പിന്തുണ അര്‍ജന്റീനയ്ക്ക്; കപ്പ് മഞ്ഞപ്പടയ്ക്കെന്ന് കടകംപള്ളി; രാഷ്ട്രീയത്തിനൊപ്പം ഫുട്ബോൾ ചർച്ചയും

കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ക്ക് ആദ്യ വിസിൽ മുഴങ്ങിയത് മുതൽ ആവേശത്തിലാണ് ആഗോള കായിക പ്രേമികൾ. ലോക്ക്ഡൗൺ വിരക്തികൾക്ക് അറുതി വരുത്തിയാണ് ഫുട്ബോൾ പോരാട്ട നാളുകൾക്കു തുടക്കമായത്. ഈ ആവേശത്തിലേക്ക് പങ്ക് ചേരുകയാണ് രാഷ്ട്രീയ കേരളവും.
കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ എക്കാലവും രണ്ട് ഭാഗത്ത് നിര്‍ത്തുന്ന ബ്രസീല്‍- അര്‍ജന്റീന വൈരത്തിന്റെ ഭാഗമാകുകയാണ് മുന്‍ മന്ത്രിമാരും എം എൽ എമാരും. രാഷ്ട്രീയം മറന്ന് രണ്ട് ചേരിയിൽ അണിനിരന്നിരിക്കുകയാണ് ഇവർ. മലയാളിക്ക് ആദ്യം മുഖ്യമന്ത്രിയുടെ വകയായിരുന്നു ഫുട്ബോള്‍ മാമാങ്കവരവേല്‍പ്പ്.
ഫെയ്സ്ബുക്ക് കമന്റില്‍ മണിയാശാനും കടകംപള്ളിയും നേര്‍ക്കുനേര്‍ വന്നതോടെ ആരാധകരും ആവേശത്തിലായി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ എംഎം മണി പതിവുപോലെ ഇത്തവണയും അവരുടെ ആദ്യ മത്സരത്തിനു മുന്‍പേ ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് വാക്പോരിനു തുടക്കം കുറിച്ചത്.
‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല…’ -ചെഗുവേരയുടെഅര്‍ജന്റീന, മറഡോണയുടെഅര്‍ജന്റീന, അര്‍ജന്റീനയുടെ_ഫാന്‍ എന്നീ ഹാഷ്ടാഗുകൾ സഹിതം ആശാന്‍ കുറിച്ചു.
‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..’ മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ.
ബ്രസീല്‍ ടീമിന്റെ ചിത്രം സഹിതം പങ്കുവെച്ച് ഇഷ്ടം പ്രകടമാക്കി.
‘ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ’ – തംസപ്പ് ചിത്രം സഹിതം മണിയാശാന്റെ ചുട്ടമറുപടി.
എന്തായാലും രാഷ്ട്രീയത്തിലെ ടീം അര്‍ജന്റീനയും ബ്രസീലും പരസ്പ്പരം ഏറ്റുമുട്ടുമ്പോൾ ആവേശത്തിലാണ് കേരളത്തിലെ ആരാധകർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here