സതാംപ്ടണിൽ യല്ലോ അലേർട്ട്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കാൻ സാധ്യത

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴയിൽ മുങ്ങാൻ സാധ്യത. മത്സരം നടക്കുന്ന സതാംപ്ടണിൽ അഞ്ച് ദിവസവും റിസർവ് ദിനത്തിലും മഴ മുന്നറിയിപ്പുണ്ട്. ജൂൺ 18 മുതൽ 22 വരെയാണ് മത്സരം. 23ന് റിസർവ് ദിനം. ഈ ആറ് ദിവസവും സതാംപ്ടണിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസറാണ് കാലാവസ്ഥാ പ്രവചനം പങ്കുവച്ചത്.
ജൂൺ 18നും 20നും 90 ശതമാനം മഴ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ 70 ശതമാനം മഴ സാധ്യതയുമുണ്ട്. ജൂൺ 17, 18 തീയതികളിൽ സതാംപ്ടണിൽ യല്ലോ അലേർട്ട് ആണ്. 17ന് മഴ പെയ്താൽ ഇരു ടീമുകളുടെയും പരിശീലനത്തെ അത് ബാധിക്കും. 17നു രാത്രി മഴ പെയ്താൽ പിച്ചും ഔട്ട്ഫീൽഡും നനയുകയും ഈർപ്പം ഉണ്ടാവുകയും ചെയ്യും. ഇത് അന്തിമ ഇലവനിലും മാറ്റമുണ്ടാക്കും. മൂടിക്കെട്ടിയ അന്തരീക്ഷമായാൽ അത് ന്യൂസീലൻഡിനു ഗുണം ചെയ്യും. പേസ് ആക്രമണം നിറച്ചെത്തുന്ന അവരെ നേരിടാൻ ഇന്ത്യ വിയർക്കുകയും ചെയ്യും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അവസാന രണ്ട് ദിവസം സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് പിന്തുണ ലഭിക്കും.
മത്സരത്തിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
Story Highlights: Rain likely to play in WTC Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here