ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകുമാനോവിച്ച് തന്നെ; ഔദ്യോഗിക സ്ഥിരീകരണമായി

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് പരിശീലിപ്പിക്കും. ഈ മാസം ആരംഭത്തിൽ വുകുമാനോവിച്ച് ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ക്ലബ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ, അല്പ സമയം മുൻപ് ക്ലബ് തന്നെ വുകുമാനോവിച്ചിൻ്റെ വരവ് സ്ഥിരീകരിച്ചിരിക്കുകയാണ്.
ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് വുകുമാനോവിച്ച് തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. 20-14 സീസണുകളിലായിരുന്നു ഇത്. 2017ൽ സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ പരിശീലകനായ അദ്ദേഹം സ്ലോവൻ ബ്രാറ്റിസ്ലാവയെ സൂപ്പർ കപ്പ് ചാമ്പ്യന്മാരാക്കി. സൈപ്രിയറ്റ് ഒന്നാം ഡിവിഷൻ ക്ലബ്ബായ അപോലൻ ലിമസോളിനെയാണ് അദ്ദേഹം അവസാനം പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച് മികച്ച പ്ലേമേക്കർ എന്ന ഖ്യാതി നേടിയ ഫക്കുണ്ടോ പെരേര വുകുമാനോവിച്ചിന് കീഴിൽ അപോലൻ ലിമസോളിൽ കളിച്ചിട്ടുണ്ട്.
പ്രതിരോധ നിര താരമായ വുകുമാനോവിച്ച് റെഡ് സ്റ്റാർ ബെൽഗ്രേഡ് അടക്കമുള്ള ക്ലബുകളിൽ കളിച്ചിട്ടുണ്ട്. വിവിധ ക്ലബുകൾക്കായി അദ്ദേഹം 248 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. യൂഗോസ്ലാവിയ അണ്ടർ 21 ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
Story Highlights: Kerala Blasters appoints Ivan Vukomanovic as head coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here