സ്പോൺസർമാരുടെ ബോട്ടിലുകൾ മാറ്റിവെക്കരുത്; താരങ്ങളോട് നിർദ്ദേശിച്ച് യുവേഫ

താരങ്ങൾ സ്പോൺസർമാരുടെ ബോട്ടിലുകൾ മാറ്റിവെക്കരുതെന്ന നിർദ്ദേസവുമായി യുവേഫ. യൂറോ കപ്പ് ടൂർണമെൻ്റ് ഡയറക്ടർ മാർട്ടിൻ കല്ലെൻ ആണ് യുവേഫ ഇത്തരത്തിൽ നിർദ്ദേശം നൽകിയെന്ന് വ്യക്തമാക്കിയത്. സ്പോൺസർമാരിൽ നിന്നുള്ള വരുമാനം ടൂർണമെൻ്റിനും യൂറോപ്യൻ ഫുട്ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു.
ക്രിസ്ത്യാനോ റൊണാൾഡോയാണ് സ്പോൺസർമാർക്ക് പണികൊടുക്കുന്ന ജോലി ആദ്യം തുടങ്ങിയത്. ഹംഗറിക്കെതിരായ മത്സരത്തിനു മുൻപാണ് ക്രിസ്ത്യാനോ കോളക്കുപ്പികൾ മാറ്റിവച്ചത്. തുടർന്ന് കുപ്പിവെള്ളം എടുത്ത അദ്ദേഹം അത് ഉയർത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ, ജർമനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിനിടെ ഫ്രാൻസ് താരം പോൾ പോഗ്ബ തൻ്റെ മുന്നിലിരുന്ന ഹെയ്ന്‌കെൻ ബിയർ കുപ്പി എടുത്ത് മാറ്റിവച്ചു. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ തൻ്റെ വിശ്വാസങ്ങൾക്ക് എതിരായതിനാലാണ് ബിയർ കുപ്പികൾ മാറ്റിവച്ചത്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോക്കടെല്ലിയും കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റി. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഇരറ്റ ഗോളുകൾ നേടി കളിയിലെ താരമായതിനു ശേഷം വാർത്താസമ്മേളനത്തിനെത്തിയ ഇറ്റാലിയൻ താരമാണ് കോള കമ്പനിക്ക് ‘പണി’ കൊടുത്തത്. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെയാണ് യുവേഫയുടെ നിർദ്ദേശം.
ക്രിസ്ത്യാനോ കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 4 ബില്ല്യൺ ഡോളർ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഹരിവിലയിൽ 1.6 ശതമാനത്തിൻ്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യൺ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യൺ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
Story Highlights: UEFA asks Euro 2020 players to stop removing sponsor bottles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here