പ്രണയം നിരസിച്ചതിന് കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും

മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി വിനീഷിനെ ഇന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്‌ക്കാര ചടങ്ങും ഇന്ന് നടക്കും.
ഇന്നലെ രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ റിമാന്റ് ചെയ്തേക്കും.
ഇന്നലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.
പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും രണ്ടാം നിലയിലെ മുറിയിലെത്തി ആക്രമിക്കുകയുമായിരുന്നു. കൈയിലുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊല. തടയാന്‍ ചെന്ന അനിയത്തിക്കും ഗുരുതരമായി പരുക്കേറ്റു. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീപിടിച്ചതിന് പിന്നിലും പ്രതിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്.
Story Highlights: murder, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here