കാലാവസ്ഥ ഇന്ത്യയെ രക്ഷിച്ചു: മൈക്കൽ വോൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ മഴ മൂലം നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. കാലാവസ്ഥ ഇന്ത്യയെ രക്ഷിച്ചു എന്നാണ് തമാശരൂപേണ വോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുൻപും ഇന്ത്യക്കെതിരെ പലതവണ നിലപാടെടുത്ത താരമാണ് വോൺ.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ റദ്ദാക്കി. സതാംപ്ടണിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് ആദ്യ സെഷൻ റദ്ദാക്കിയതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. കനത്ത മഴയെ തുടർന്ന് ടോസ് ഇടാൻ പോലും സാധിച്ചിരുന്നില്ല.
ഇന്ന് മഴ മൂലം നഷ്ടമായാലും ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Story Highlights: Weather Has Saved India’ : Michael Vaughan