അഞ്ച് മിനിട്ടിന്റെ ഇടവേളയിൽ ബീഹാർ വനിതക്ക് ലഭിച്ചത് കൊവാക്സിനും കൊവിഷീൽഡും: അന്വേഷണം

അഞ്ച് മിനിട്ടിൻ്റെ ഇടവേളയിൽ രണ്ട് തവണ വാക്സിൻ സ്വീകരിച്ച് ബീഹാർ സ്വദേശിനി. ബീഹാർ തലസ്ഥാനമായ പാറ്റ്നയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സുനില ദേവി എന്ന വനിതയ്ക്കായാണ് അഞ്ച് മിനിട്ടിനിടെ രണ്ട് തവണ വാക്സിൻ നൽകിയത്. രണ്ട് തവണ നൽകിയത് രണ്ട് തരം വാക്സിൻ ആണെന്നത് സംഭവത്തിൻ്റെ ഗൗരവം ഇരട്ടിയാക്കുന്നു.
ജൂൺ 16നാണ് സംഭവം നടന്നത്. ആദ്യം കൊവിഷീൽഡും പിന്നീട് കൊവാക്സിനുമാണ് ഇവർക്ക് ആരോഗ്യപ്രവർത്തകർ നൽകിയത്. വീടിനരികിലുള്ള ഒരു സ്കൂളിലായിരുന്നു വാക്സിനേഷൻ നടന്നതെന്ന് ഇവർ ഇന്ത്യ ടുഡേയോട് പറഞ്ഞു. രജിസ്ട്രേഷൻ കഴിഞ്ഞതിനു ശേഷം സുനില ദേവി വരിനിൽക്കുകയും കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അഞ്ച് മിനിട്ട് നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ആരോഗ്യപ്രവർത്തകർ സുനില ദേവിയോട് ആവശ്യപ്പെട്ടു. അടുത്തുള്ള നിരീക്ഷണമുറിയിൽ ഇരിക്കുമ്പോൾ മറ്റൊരു നഴ്സ് വന്ന് കൊവാക്സിൻ കുത്തിവെക്കുകയായിരുന്നു എന്ന് സുനില ദേവി പറയുന്നു.
“ഞാൻ നിരീക്ഷണമുറിയിൽ ഇരിക്കുമ്പോൾ മറ്റൊരു നഴ്സ് വന്ന് എന്നെ ഒരു തവണ കൂടി കുത്തിവെച്ചു. എനിക്ക് ഒരു തവണ വാക്സിൻ ലഭിച്ചെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ, അതേ കയ്യിൽ തന്നെ അവർ ഒന്നുകൂടി കുത്തിവച്ചു.”- സുനില ദേവി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വിഷയത്തിൽ വാക്സിനേഷൻ ക്യാമ്പിലുണ്ടായിരുന്ന നഴ്സുമാരിൽ നിന്ന് ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിനു ശേഷം സുനില ദേവി ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. നിലവിൽ അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
Story Highlights: Bihar woman gets both Covaxin, Covishield shots in 5 minutes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here