മിൽഖാ സിംഗിന്റെ വേർപാട്; ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ച് രാജ്യം; അനുശോചിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും

രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാ ‘പറക്കും സിഖ്’ എന്ന മിൽഖാ സിംഗിന്റെ വേർപാടിൽ അനുശോചിച്ച് രാജ്യം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയ പ്രമുഖർ ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ചു.
‘ഒരു പടുകൂറ്റന്‍ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നു’ – പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
‘മിൽഖാ സിംഗിന്റെ പോരാട്ടങ്ങളുടെയും കരുത്തിന്റെയും കഥ തലമുറകളലെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അസംഖ്യം ആരാധകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു’ – രാഷ്ട്രപതി റാം നാഥ് കോവിന്ദ് കുറിച്ചു.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മിൽഖാ സിംഗ് ഇന്നലെയാണ് അന്തരിച്ചത്. 91ആം വയസിലായിരുന്നു ഇന്ത്യയുടെ ഇതിഹാസ കായികതാരം വിടപറഞ്ഞത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. മെയ് 20 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച നടന്ന പരിശോധനയില്‍ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here