ഏഷ്യയുടെ സ്കോട്‌ലൻഡിലേക്ക് ഒരു യാത്ര പോകാം

ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെ രണ്ട് താലൂക്കുകളിലായി പരന്ന് കിടക്കുന്ന ഒരു സുന്ദരഭൂമിയാണ് വാഗമൺ. പ്രകൃതി സൗന്ദര്യത്താലും സുഖകരമായ കാലാവസ്ഥയാലും ഏവരെയും തന്നിലേക്ക് ആകർഷിക്കുന്ന ഹരിത മനോഹരമായ ഭൂപ്രദേശമാണ് വാഗമൺ. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ അടി ഉയരത്തിലാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. കോട മഞ്ഞ് പുതച്ച് തല ഉയർത്തി നിൽക്കുന്ന മൊട്ടക്കുന്നുകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. യാത്രാപ്രേമികളുടെയും സിനിമക്കാരുടെയും വെഡ്ഡിങ് ഫൊട്ടോഗ്രഫർമാരുടെയും പറുദീസയാണ് വാഗമൺ. വേനൽക്കാലത്തു പോലും ഇവിടുത്തെ ഉയർന്ന താപനില പത്ത് മുതൽ ഇരുപത്തിമൂന്നു വരെ ഡിഗ്രീ സെൽഷ്യസ് ആണ്. സഞ്ചാരികളെ കൂടുതലായും ആകർഷിക്കുന്നതും ഇൗ കാലാവസ്ഥ തന്നെയാണ്.
പൈൻ മരങ്ങളും തേയിലത്തോട്ടങ്ങളും പച്ചപ്പും നിറഞ്ഞു നിൽക്കുന്ന ഈ മലനിരകളെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളു. തണുത്ത കാലാവസ്ഥയാണ് മിക്കപ്പോഴും വാഗമണിൽ കാണപ്പെടുക. വാഗമണിൽ നിന്ന് വളരെ എളുപ്പത്തിൽ തന്നെ ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിൽ എത്താനാകും. അത്കൊണ്ട് തന്നെ ഇടുക്കിയുടെയും വാഗമണ്ണിന്റെയും സൗന്ദര്യം ഒറ്റ യാത്രയിൽ തന്നെ ആസ്വദിക്കാൻ കഴിയും.
പ്രകൃതിയുടെ തനിമ നിലനിർത്തി, നാഗരികത അധികം പ്രോത്സാഹിപ്പിക്കാതെ തന്നെ അവശ്യ സൗകര്യങ്ങൾ സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോഴും വളരെ ശാന്തമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്.
തങ്ങള് പാറ, മുരുഗൻ ഹിൽസ്, വാഗമൺ കുരിശു മല തുടങ്ങി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. പാരാഗ്ലൈഡിങ്, ട്രക്കിങ്, റോക്ക് ക്ലൈംബിങ്, തുടങ്ങി സഞ്ചാരികൾക്കായി നിരവധി വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യയിലെ തന്നെ മികച്ച പാരാഗ്ലൈഡിങ് സൈറ്റുകളിൽ ഒന്നാണ് വാഗമൺ. 2006 മുതൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലും വാഗമണ്ണിൽ സംഘടിപ്പിച്ചു വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വഞ്ചറസ് സ്പോർട്സ് ആൻഡ് സസ്റ്റൈനബിൾ ടൂറിസം അക്കാദമി (ASSTA) യും കേരളാ ടൂറിസം ഡിപ്പാർട്ടുമെന്റും സംയുക്തമായി ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
മറ്റൊരു അഭിമാനകരമായ നേട്ടം എന്നത്, ഇന്ത്യയിൽ സന്ദർശിക്കേണ്ട മികച്ച അൻപത് സ്ഥലങ്ങളുടെ പട്ടികയിൽ വാഗമണ്ണും ഉൾപ്പെട്ടിട്ടുണ്ട്.
പ്രധാന ആകർഷണങ്ങൾ
തങ്ങള് പാറ
വളരെ ആകർഷണീയമായ സ്ഥലങ്ങളിൽ ഒന്നാണ് തങ്ങള് പാറ. വ്യത്യസ്തമായ രീതിയിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒന്നിച്ചു ചേർന്ന ഒരിടം കൂടിയാണിത്. 800 വർഷം മുമ്പ് ഏകാന്ത വാസത്തിനായി എത്തി ഇവിടെ ജീവിച്ചു മരിച്ച അഫ്ഗാൻ സൂഫി ഷേഖ് ഫരീദുദ്ദീന്റെ ഖബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് തങ്ങള് പാറ സ്ഥിതി ചെയ്യുന്നത്. ധാരാളം സഞ്ചാരികളും വിശ്വാസികളുമാണ് ഇവിടം സന്ദർശിക്കാനായി വരുന്നത്.
മുരുഗൻ ഹിൽസ്
തങ്ങള് പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മുരുഗൻ ഹിൽസ്. മുരുഗൻ തന്റെ വാഹനമായ മയിലിൽ ഇവിടെ വന്നിറങ്ങിയെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഒരു മുരുക ക്ഷേത്രവും ഇവിടെയുണ്ട്. വാഗമണ്ണിൽ നിന്ന് 3 കിലോമീറ്റര് അകലെയാണ് ഈ മല സ്ഥിതിചെയ്യുന്നത്.
വാഗമൺ കുരിശുമല
നാടുനോക്കി മല എബ്ബ്ന് ഈ മല അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. 1904 ൽ തയ്യിൽ എസ്തപ്പാനച്ചൻ ഒരു പ്രത്യേക വെളിച്ചം കണ്ട ഈ മല പിൽക്കാലത്താണ് കുരിശുമല എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഒരു ചെറിയ പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സഞ്ചാരികളും വിശ്വാസികളും വന്നെത്താറുള്ള ഈ പ്രദേശം വാഗമണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
മൂപ്പൻ പാറ
സൂയിസൈഡ് പോയിന്റ് എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വളരെ മനോഹരമാണ്. സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്ന ഒരു ഫോട്ടോ സ്പോട്ടാണ് മൂപ്പൻ പാറ. വാഗമണ്ണിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് മൂപ്പൻ പാറ സ്ഥിതി ചെയ്യുന്നത്.
സെൻറ് ജോർജ് സി.എസ്.ഐ. പള്ളി
1869 ൽ റവ. ഹെൻറി ബേക്കർ ജൂനിയർ നിർമിച്ച ഹൈറേഞ്ചിലെ തന്നെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയമാണിത്. ബ്രിട്ടീഷുകാർക്ക് മാത്രമായി 34 കല്ലറകളുള്ള സെമിത്തേരി അവിടെയാണുള്ളത്. അവിടെ അനേകകാലം സേവനം അനുഷ്ഠിച്ച പാസ്റ്റർ നല്ലതമ്പിയുടെയും കല്ലറയും അവിടെയുണ്ട്. കൂടാതെ ജെ. ഡി. മുർണോ എന്ന ബ്രിട്ടിഷുകാരന്റെ പെറ്റായിരുന്ന ഡൗണി എന്ന വെള്ളക്കുതിരയെയും ഈ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്.
പരുന്തും പാറ
അകലെ നിന്ന് നോക്കുമ്പോൾ ഒരു പരുന്തിന്റെ ആകൃതിയുള്ള ഈ മല ടൂറിസ്റ്റുകളുടെ ആകർഷണങ്ങളിൽ ഒന്നാണ്. ശാന്തമായ അന്തരീക്ഷവും വനങ്ങൾകുടെ വശ്യഭംഗിയും പഞ്ഞിമെത്ത പോലുള്ള കോടമഞ്ഞും സന്ദർശകരുടെ മനം കവരും. മണ്ഡലകാലത്ത് മകരജ്യോതി ദർശിക്കാൻ അയ്യപ്പഭക്തരുടെ ഒരു വലിയ നിര തന്നെ ഇവിടെ എത്താറുണ്ട്.
പാഞ്ചാലിമേട്
പാഞ്ചാലിമേടിന് അയ്യായിരം വർഷത്തിന്റെ ചരിത്ര പാരമ്പര്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്. മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ അജ്ഞാത വാസം നയിച്ചത് പാഞ്ചാലിമേട്ടിലാണെന്ന് ഐതിഹ്യങ്ങൾ പറയുന്നു. കാലാവസ്ഥാ പ്രത്യേകത കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ഇൗ മല സഞ്ചാരികളെ ആകർഷിക്കുന്നു.
വ്യത്യസ്തമായ ഒരു സഞ്ചാര അനുഭവം നൽകാൻ വാഗമൺ എന്ന ഈ സ്വപ്നഭൂമിക്ക് കഴിയും. മതസൗഹാർദ്ദം കൊണ്ടും, കാലാവസ്ഥയിലുള്ള പ്രത്യേകത കൊണ്ടും, പ്രകൃതി ഭംഗി കൊണ്ടും സമ്പന്നമാണ് വാഗമൺ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here