ജമ്മുകശ്മീര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി; മുതിര്‍ന്ന പതിനാല് നേതാക്കള്‍ക്ക് ക്ഷണം

ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന 14 നേതാക്കള്‍ക്ക് ക്ഷണം. ഗുപ്ത്ക്കര്‍ സഖ്യത്തിലെ നേതാക്കളെ അടക്കമാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗത്തിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.
സംസ്ഥാന പദവി പിന്‍വലിക്കുകയും 370 ആം വകുപ്പ് റദ്ദാക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ ഉഭയക്ഷി രാഷ്ട്രീയ ആശയ വിനിമയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ്, തരിഗാമി, രവിന്ദര്‍ റെയ്‌ന ഉള്‍പ്പടെയുള്ള 14 നേതാക്കളെ ആഭ്യന്തര സെക്രട്ടറി ക്ഷണിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തെരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളാകും യോഗത്തില്‍ പരിഗണിക്കുക. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
2019 ഓഗസ്റ്റിലാണ് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കി. 2018ല്‍ പിഡിപി – ബിജെപി സംയുക്ത സര്‍ക്കാര്‍ തകര്‍ന്നതിനു ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. മറുവശത്ത് യോഗം ബഹിഷ്‌ക്കരിക്കേണ്ട എന്ന ധാരണയില്‍ ഗുപ്ത്ക്കര്‍ സഖ്യം എത്തി. സര്‍വകക്ഷിയോഗത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഗുപ്ത്ക്കര്‍ സഖ്യം സംയുക്തമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
Story Highlights: Narendta Modi, Jammu And Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here