മദ്യത്തിന്റെ വെയർഹൗസ് മാർജിൻ വർധിപ്പിച്ച ബിവറേജസ് കോർപ്പറേഷന്റെ നടപടിക്കെതിരെ കൺസ്യൂമർഫെഡ്

മദ്യത്തിന്റെ വെയർഹൗസ് മാർജിൻ വർധിപ്പിച്ച ബിവറേജസ് കോർപ്പറേഷന്റെ നടപടിക്കെതിരെ കൺസ്യൂമർഫെഡ്. സ്‌റ്റോക്കുള്ള മദ്യം വിതരണം ചെയ്യാനും പുതിയ സ്‌റ്റോക്ക് എടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും കൺസ്യൂമർഫെഡ് തീരുമാനിച്ചു. പുതിയ സ്‌റ്റോക്കെടുക്കുന്നത് നഷ്ടമെന്ന് വ്യക്തമാക്കി കൺസ്യൂമർഫെഡ് സർക്കാരിനു കത്തു നൽകി.
കൺസ്യൂമർഫെഡ് വാങ്ങുന്ന മദ്യത്തിന്റെ വെയർഹൗസ് മാർജിൻ എട്ട് ശതമാനത്തിൽ നിന്നും 20 ശതമാനമായി ബിവറേജസ് കോർപ്പറേഷൻ വർധിപ്പിച്ചിരുന്നു. എന്നാൽ മദ്യത്തിന്റെ വില വർധിപ്പിച്ചതുമില്ല. തുടർന്നാണ് തീരുമാനത്തിനെതിരെ കൺസ്യൂമർഫെഡ് രംഗത്തുവന്നത്. ഉയർന്ന വെയർഹൗസ് മാർജിൻ നൽകി മദ്യം വാങ്ങി വിതരണം ചെയ്യാനാകില്ലെന്ന് കൺസ്യൂമർഫെഡ് സർക്കാരിനു കത്തു നൽകി. നിലവിൽ സ്‌റ്റോക്കുള്ള മദ്യം വിൽക്കും. പുതിയ സ്‌റ്റോക്ക് തൽക്കാലത്തേക്ക് എടുക്കില്ല. സ്‌റ്റോക്ക് എടുക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കൺസ്യൂമർഫെഡ് എം.ഡി പറഞ്ഞു.
ബിവറേജസ് കോർപ്പറേഷന്റെ നടപടിയിലൂടെ നൂറു രൂപയ്ക്ക് വാങ്ങിയിരുന്ന മദ്യത്തിനു 111.11 രൂപ നൽകേണ്ടി വരും. ലാഭശതമാനം 16.67 ൽ നിന്നും 7.41 ശതമാനമായി കുറയും. ഇതിൽ നിന്നും അഞ്ച് ശതമാനം ടേൺഓവർ നികുതിയായി നൽകണം. ബാക്കിയുള്ള 2.41 ശതമാനം ഉപയോഗിച്ച് ജീവനക്കാരുടെ ചെലവുകളും വൈദ്യുതി, വാടക ചെലവുകളും വഹിക്കണം. ഇതു വലിയ നഷ്ടത്തിലേക്ക് തള്ളിവിടുമെന്നാണ് കൺസ്യൂമർഫെഡ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. മൂന്നു ബിയർ പാർലർ ഉൾപ്പെടെ 39 ഔട്ട്‌ലെറ്റുകളാണ് കൺസ്യൂമർഫെഡിനുള്ളത്.
Story Highlights: consumerfed against beverages corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here