മെഡിക്കൽ കോളജിൽ കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച് ഡി എസ് ലബോറട്ടറിയിൽ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറകടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഗുരുതര അനാസ്ഥ വെളിപ്പെടുത്തുന്ന ലാബ് ജീവനക്കാരുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. മെഷീനിൽ ലോഡ് ചെയ്യുന്ന 30 പരിശോധനാ കിറ്റുകളിൽ 25 എണ്ണവും കാലാവധി കഴിഞ്ഞതാണെന്നാണ് വെളിപ്പെടുത്തൽ. 25000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഓരോ പരിശോധനാ കിറ്റുകളുടെയും വില.
മലേറിയ പോലുള്ള രോഗങ്ങളുടെ പരിശോധനാ കിറ്റുകളുടെ കാലാവധി കഴിഞ്ഞതായും പരാതിയുണ്ട്. 3 മെഷീനുകളുടെ ഉപയോഗ കാലാവധി കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല. 2011 ൽ സ്ഥാപിക്കുകയും 2016 ൽ ഉപയോഗ കാലാവധി അവസാനിക്കുകയും ചെയ്ത രണ്ട് ബയോ കെമിക്കൽ അനലൈസറും ഒരു ഹോർമോൺ അനലൈസറും മാറ്റിയിട്ടില്ല.
എ.സി.ആർ ലാബിൽ നിന്നും കാലപഴക്കം കാരണം ഒഴിവാക്കിയ ഇൻറഗ്രേറ്റഡ് അനലൈസർ എച്ച് ഡി എസ് ലാബിൽ സ്ഥാപിച്ചു. പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മെഷീനുകൾ വാങ്ങി കൂട്ടിയതെന്നും പരാതിയിൽ പറയുന്നു. 90 ശതമാനം പരിശോധനകളും നടക്കുന്നത് കാലഹരണപ്പെട്ട മെഷീനുകളിലാണെന്നാണ് പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here