Advertisement

ഗാര്‍ഹിക പീഡനങ്ങള്‍ ആവര്‍ത്തിക്കരുത്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

June 23, 2021
1 minute Read

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം കാരണമായുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കായി ഡൊമസ്റ്റിക് റെസല്യൂഷന്‍ സെന്റര്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങള്‍ നമ്മെയാകെ ഉല്‍കണ്ഠപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 ഇന്ന് നിലവില്‍ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 9497900999, 9497900286. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും
പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറില്‍ ഇന്ന് മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം എന്ന് ആഭ്യര്‍ഥിക്കുന്നു.’

Story Highlights: PINARAYI VIJAYAN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top