Advertisement

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യ 170നു പുറത്ത്; ന്യൂസീലൻഡിന്റെ വിജയലക്ഷ്യം 139 റൺസ്

June 23, 2021
Google News 1 minute Read
wtc new zealand win

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസീലൻഡിന് 139 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 170 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. 41 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 30 റൺസെടുത്തു. ന്യൂസീലൻഡിനായി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തി. ട്രെൻ്റ് ബോൾട്ടിന് മൂന്ന് വിക്കറ്റുണ്ട്. 53 ഓവറുകളാണ് മത്സരത്തിൽ ഇനി ബാക്കിയുള്ളത്.

റിസർവ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ന് കളി തുടങ്ങി ആറാം ഓവറിൽ കോലി (13) ജമീസണു മുന്നിൽ കീഴടങ്ങി. ജമീസണിൻ്റെ ഔട്ട്സ്വിങ്ങറിൽ ബാറ്റ് വച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബിജെ വാറ്റ്ലിങിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലും ജമീസൺ തന്നെയാണ് ഐപിഎലിലെ തൻ്റെ ടീം ക്യാപ്റ്റനെ മടക്കി അയച്ചത്. തൻ്റെ അടുത്ത ഓവറിൽ പൂജാരയും (15) ജമീസണു മുന്നിൽ വീണു. വീണ്ടും ഒരു ഔട്ട്സ്വിങ്ങറിലൂടെ പൂജാരയെ ജമീസൺ സ്ലിപ്പിൽ ടെയ്ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രഹാനെ (15) ട്രെൻ്റ് ബോൾട്ടിന് ഇന്നിംഗ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാറ്റ്ലിങ് ആണ് രഹാനെയെ പിടികൂടിയത്.

ആറാം വിക്കറ്റിൽ ജഡേജയും പന്തും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. പലതവണ ജീവൻ ലഭിച്ച പന്ത് ഏത് സമയവും പുറത്താവാമെന്ന നിലയിലാണ് ബാറ്റ് ചെയ്തത്. എന്നാൽ, ജഡേജയാണ് ആദ്യം പുറത്തായത്. 16 റൺസെടുത്ത ജഡേജ നീൽ വാഗ്നറുടെ പന്തിൽ വാറ്റ്‌ലിങിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. പിന്നാലെ പന്തിനെയും (41), അശ്വിനെയും (7) ഒരു ഓവറിൽ പുറത്താക്കിയ ട്രെൻ്റ് ബോൾട്ട് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നൽകി. പന്തിനെ ഹെൻറി നിക്കോൾസും അശ്വിനെ റോസ് ടെയ്‌ലറും പിടികൂടുകയായിരുന്നു. മൂന്ന് ബൗണ്ടറികൾ അടക്കം 13 റൺസെടുത്ത ഷമി ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഷമിയെ ടോം ലതം പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ ബുംറയും (0) മടങ്ങി. ലതം തന്നെയാണ് ബുംറയെയും പിടികൂടിയത്.

Story Highlights: wtc final new zealand need runs to win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here