‘നമ്മുടെ പാരമ്പര്യങ്ങളിലും വികസനത്തിലും ഏറ്റവും മികച്ചതാവണം അയോധ്യ’; നിര്‍മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്തിന്റെ പാരമ്പര്യത്തിലും വികസനങ്ങളിലും ഏറ്റവും മികച്ചതായിരിക്കണം അയോധ്യ രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരാമര്‍ശം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിംഗിലാണ് പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതികള്‍ വിലയിരുത്തിയത്. ഉന്നതിയുടെയും ആത്മീയതയുടെയും കേന്ദ്രമായിരിക്കണം അയോധ്യ. ഓരോ തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പൗരനും അയോധ്യയുടെ വികസനം ഉപകാരപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ നഗരമെന്നത് ഓരോ ഇന്ത്യക്കാരന്റേതുമാകണം. ഒരിക്കലെങ്കിലും അയോധ്യയില്‍ സന്ദര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും തോന്നണം’. അദ്ദേഹം പറഞ്ഞു. അയോധ്യ നഗരവികസനത്തിന്റെ ബ്ലൂപ്രിന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗത്തില്‍ വിശദീകരിച്ചു. വിമാനത്താവളമടക്കമുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. നഗരത്തെ തീര്‍ത്ഥാടന-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഉത്തര്‍പ്രദേശിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. അയോധ്യ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്. സരയു നദി തീര സംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here